കോഴിക്കോട്∙ കോഴിക്കോട് സൈബർ പാർക്കിൽ പ്രവർത്തനമാരംഭിച്ച കമ്പനികളുടെ എണ്ണം 50 പിന്നിട്ടു. 56 കമ്പനികളാണ് നിലവിൽ സൈബർ പാർക്കിൽ സ്ഥലം ഏറ്റെടുത്തു പ്രവർത്തിക്കുന്നത്. ആയിരത്തോളം ജീവനക്കാരും പാർക്കിൽ ജോലി ചെയ്യുന്നു. കമ്പനികളുടെ പേരെഴുതിയ കേക്ക്മുറിച്ച് സൈബർ പാർക്കിലെ സംരഭകർ നേട്ടം ആഘോഷിച്ചു.
മലബാറിന്റെ ഐടി വികസനം ലക്ഷ്യമിട്ട് 2014 ഫെബ്രുവരിയിലാണ് കോഴിക്കോട് സൈബർ പാർക്ക് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവയ്ക്കു ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ ഐടി പാർക്കാണ് കോഴിക്കോട് പ്രവർത്തനമാരംഭിച്ചത്. എന്നാൽ, പൂർണതോതിൽ പാർക്ക് പ്രവർത്തനമാരംഭിച്ചത് 2017ൽ ആദ്യ ഐടി കെട്ടിടമായ ‘സഹ്യ’യുടെ നിർമാണം പൂർത്തിയായ ശേഷമാണ്.
കോഴിക്കോട് ബൈപാസിനോടു ചേർന്ന് മൊത്തം 43.5 ഏക്കർ സ്ഥലമാണ് പാർക്കിനുള്ളത്. ഇതിൽ പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള (സെസ്) 30 ഏക്കറുണ്ട്.
2018ൽ മൊബൈൽ ആപ് ഇൻക്യുബേറ്റർ പ്രവർത്തനമാരംഭിച്ചു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐമായ്) സംരംഭമായ ‘മൊബൈൽ 10എക്സ്’ ആണ് കേന്ദ്രം ആരംഭിച്ചത്. കേരളത്തിലെ ആദ്യ മൊബൈൽ ആപ് ഇൻക്യുബേറ്ററാണിത്. ഇവിടെ 47 സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. ആപ് ഇൻക്യുബേറ്ററിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം കൂടി കൂട്ടിയാൽ സൈബർ പാർക്കിലെ കമ്പനികളുടെ എണ്ണം 100 കടക്കും. സഹ്യ കെട്ടിടം ഉദ്ഘാടനം ചെയ്ത 2017– 18 വർഷം 3 കോടിയുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയാണു നടന്നത്. 2 വർഷത്തിനു ശേഷം 2019– 20ൽ സൈബർ പാർക്കിൽ നിന്ന് 14 കോടി 76 ലക്ഷം രൂപയുടെ സോഫ്റ്റ്‍വെയർ കയറ്റുമതിയിലേക്കു ഉയർന്നു.
പുതിയ കെട്ടിടമൊരുങ്ങുന്നു :
സൈബർ പാർക്കിൽ നിലവിലുള്ള കെട്ടിടത്തിലെ 73 ശതമാനം സ്ഥലവും ഇതിനകം കമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞു. ഒരു കോടി രൂപ ചെലവിൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്ത് പുതിയ കെട്ടിടം സൈബർ പാർക്കിൽ നിർമിക്കുന്നുണ്ട്. ഇതിന്റെ പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും. പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്താകും പുതിയ കെട്ടിടം. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ സൈബർ പാർക്കിനായി വകയിരുത്തിയ 12 കോടി ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. ചുറ്റുമതിൽ നിർമാണമായിരിക്കും ആദ്യം പൂർത്തീകരിക്കുക.
വേണം സൗകര്യങ്ങൾ :
സൈബർ പാർക്ക് വികസനത്തിലേക്ക് കുതിക്കുകയാണെങ്കിലും തുടക്കത്തിൽ വിഭാവനം ചെയ്തതു പോലെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായിട്ടില്ല. പ്രവർത്തന ചെലവ് കുറയ്ക്കാൻ രാജ്യാന്തര ഐടി കമ്പനികൾ ടയർ ത്രീ നഗരങ്ങളിലേക്കു മാറുന്നതിനാൽ കോഴിക്കോടിനു വലിയ സാധ്യതകളാണുള്ളത്. എന്നാൽ, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടാലേ വൻകിട കമ്പനികൾ ഇവിടേക്കു വരൂ. സുഗമമായ ഗതാഗതമാണ് ഇതിൽ പ്രധാനം.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് സൈബർ പാർക്കിലേക്കു വന്നു തിരിച്ചുപോകാൻ ഒരു ദിവസം മതിയാകാത്ത നിലയാണിപ്പോൾ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു കൂടുതൽ സർവീസുകളും സൈബർ പാർക്കിനെ ലക്ഷ്യമാക്കിയുള്ള കൂടുതൽ ഗതാഗത സൗകര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ വലിയ കമ്പനികളും ജീവനക്കാരും ഇവിടേക്ക് എത്തൂ. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ കൊച്ചി, കോയമ്പത്തൂർ ഐടി പാർക്കുകളിലെ കമ്പനികളും ഇവിടേക്കെത്തുമെന്ന് സൈബർ പാർക്ക് മുൻ ജനറൽ മാനേജർ സി.നിരീഷ് പറയുന്നു.