ജില്ലയിലെ മൂന്ന് വിനോദസഞ്ചാര പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി


  • മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

ജില്ലയിലെ മൂന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രു. 9) വൈകിട്ട് അഞ്ചിന് പദ്ധതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങുകളില്‍ അധ്യക്ഷത വഹിക്കും.

പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് തോണിക്കടവ് വിനോദസഞ്ചാര പദ്ധതി നടപ്പാക്കിയത്. ബോട്ടിങ് സെന്റര്‍, വാച്ച് ടവര്‍, കഫ്റ്റേരിയ, ആറ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍, ശൗചാലയം, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍ നിര്‍മാണം. തിയേറ്റര്‍ ഗ്രീന്‍ റൂം നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍.രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ അരിപ്പാറ വെള്ളച്ചാട്ടം ലോകശ്രദ്ധ നേടിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന പ്രദേശമാണ്. കോടഞ്ചേരി-തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്ത് ഇരുകരകളിലൂടെയായി സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്. വിനോദ സഞ്ചാര വകുപ്പ് 1.92 കോടി ചെലവഴിച്ചാണ് അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതി പൂര്‍ത്തിയാക്കിയത്. 1.76 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിട്ട തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ടോയ്ലെറ്റ് ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി ക്യാബിന്‍ എന്നിവയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്.

ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിലെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. 99.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കടല്‍ത്തീരത്തിന്റെയും പാറക്കൂട്ടങ്ങളുടെയും പ്രകൃതിഭംഗി ഒത്തിണങ്ങിയ, വിനോദസഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനം അര്‍ഹിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് കാപ്പാട്.

വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാദേശിക ചടങ്ങുകളില്‍ എം.എല്‍.എമാരായ ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, കെ ദാസന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

Previous Post Next Post