കോഴിക്കോട്∙ 1853 കോടി രൂപയുടെ രാമനാട്ടുകര – വെങ്ങളം ബൈപാസ് വികസന പദ്ധതിയിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ് (ഇൻകെൽ) വലിയ ബാധ്യതകളില്ലാതെ തലയൂരി. ഉത്തരേന്ത്യയിലെ വൻകിട നിർമാണ കമ്പനിയായ വെൽസ്പൺ എന്റർപ്രൈസസ് ലിമിറ്റഡിനെ പകരക്കാരായി തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ േദശീയ പാത അതോറിറ്റി അംഗീകരിച്ചു. വെൽസ്പണിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് കരാർ ഒപ്പിടുന്നതോടെ പദ്ധതി ആരംഭിക്കും. പിന്നീട് രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 2016 ൽ വിഭാവനം ചെയ്ത പദ്ധതിക്കാണ് 5 വർഷത്തിനു ശേഷം ജീവൻ വയ്ക്കുന്നത്. 2018 ൽ ഇൻകെലും ഹൈദരാബാദിലെ കെഎംസിയും ചേർന്നുള്ള കൺസോർഷ്യം പദ്ധതി നടത്തിപ്പിനായി കരാർ ഒപ്പിട്ടിരുന്നെങ്കിലും കെഎംസിയുടെ സാമ്പത്തിക ബാധ്യത കാരണം മുന്നോട്ടു പോയില്ല.
നേരത്തേ ആരംഭിച്ച നടപടിക്രമങ്ങളായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുതിയ കരാറിന് തടസ്സമാവില്ല. ജില്ലാ അതിർത്തിയിൽ നിന്ന് രാമനാട്ടുകര വരെയുള്ള ദേശീയ പാത വികസനം ഇതോടെ ഊർജിതമാവുകയാണ്. അഴിയൂർ മുതൽ വെങ്ങളം വരെ 40.8 കിലോമീറ്റർ കരാർ അദാനി ഗ്രൂപ്പാണ് ഏറ്റെടുത്തത്. രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെ വിവിധ ഭാഗങ്ങളായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.