എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികിയില്‍ പുതുതായി പേരുചേര്‍ക്കുന്നതിന് ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ ബന്ധുവിന്റേയോ തൊട്ട അയല്‍വാസിയുടേയോ ഇലക്ഷന്‍ ഐഡി നമ്പർ ശരിയായ രീതിയില്‍ സമര്‍പ്പിിക്കാത്തതു കാരണം ബൂത്ത് കണ്ടെത്താനാകാത്തതിനാല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കാത്ത ആറായിരത്തോളം അപേക്ഷകള്‍ നിലവിലുണ്ട്. ഇത്തരം അപേക്ഷകളില്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറിലേക്ക് അപേക്ഷ പൂര്‍ണമല്ലെന്ന സന്ദേശം ലഭ്യമാക്കിയിട്ടും ചുരുക്കം ചില അപേക്ഷകര്‍ മാത്രമാണ് താലൂക്ക് ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ച പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ സംബന്ധിച്ച് യാതൊരു സന്ദേശവും ഫോണില്‍ ലഭിച്ചിട്ടില്ലാത്ത അപേക്ഷകരും ഇലക്ടൊറല്‍ രജിസ്ട്രേഷന് ഓഫീസര്‍് മുമ്പാകെ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചവരും മാര്‍ച്ച് 15- നകം താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ നേരില്‍ വന്ന് ശരിയായ ബൂത്ത് കണ്ടെത്തുന്നതിനാവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതാണ്. അനുവദിച്ച സമയത്തിനുശേഷവും ബാക്കിവരുന്ന ബൂത്ത് കണ്ടെത്താന്‍ സാധിക്കാത്ത അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും.
മാര്‍ച്ച് 9 വരെ ലഭിച്ച അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുക. ഫോണ്‍ സന്ദേശമായി ലഭിക്കുന്ന അപേക്ഷാ റഫറന്‍സ് നമ്പര്‍ നല്കിയാല്‍ അപേക്ഷയുടെ തല്സ്ഥിതി www.nvsp.in വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാം. പൊതുജനങ്ങളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ത്തുന്ന നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കണമെന്നും കുറ്റമറ്റ രീതിയിലുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സഹകരിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.