തെരഞ്ഞെടുപ്പ്;പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും

 


നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു നിര്‍ദ്ദേശിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് റാലികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തപക്ഷം അതിവേഗത്തിലുള്ള രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.


റോഡ് ഷോയില്‍ ഒരേ സമയം 5 വാഹനങ്ങള്‍ മാത്രമേ ഉണ്ടായിരിക്കാന്‍ പാടുള്ളു

കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ സ്ഥലപരിമിതിക്കനുസരിച്ച് സംഘടിപ്പിക്കണം. അധികൃതര്‍ അനുവദിച്ച് തന്നിട്ടുള്ള ഇടങ്ങളില്‍ മാത്രമേ യോഗങ്ങള്‍ നടത്താവൂ. ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ സ്ഥലങ്ങള്‍ക്ക് അനുമതി നല്‍കും. യോഗ കേന്ദ്രങ്ങളില്‍ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനിങ് എന്നിവ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം. ഇത്തരം കാര്യങ്ങള്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഉറപ്പുവരുത്തണം. മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.


അനുമതിയില്ലാതെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കരുത്. അനുമതിയില്ലാത്ത യോഗങ്ങള്‍ക്കെതിരെ പൊലിസ് നടപടി സ്വീകരിക്കും. റോഡുകളിലുള്ള പൊതു യോഗങ്ങള്‍ ഒഴിവാക്കണം. പൊതുസ്ഥലങ്ങളും പൊതുമുതലുകളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് ചെലവും അക്കൗണ്ട് വിവരങ്ങളും കൃത്യമായി സൂക്ഷിക്കണം. പ്രശ്ന സാധ്യതയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണം.


ഭിന്നശേഷിക്കാര്‍, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാനുള്ള 12 ഡി ഫോറങ്ങള്‍ വിതരണം ബിഎല്‍ഒമാര്‍ മുഖേന വിതരണം ചെയ്തു. 17നുള്ളില്‍ ഇവ തിരിച്ചുവാങ്ങാനുള്ള നടപടിയും സ്വീകരിക്കും. തപാല്‍ വോട്ട് അനുവദിച്ചിട്ടുള്ള അവശ്യ സേവന വിഭാഗങ്ങളില്‍ നിന്നുള്ളവരും 17നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. 


തപാല്‍ വോട്ടിന് അര്‍ഹരായവര്‍ക്ക് എപ്പോള്‍ വോട്ട് ചെയ്യാമെന്ന് എസ്എംഎസ് വഴി സന്ദേശം അയക്കും. തപാല്‍ വോട്ട് ചെയ്യുന്നവരെ വോട്ട് ചെയ്യിപ്പിക്കുന്നതിന് സ്‌പെഷല്‍ പോളിംഗ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 10 ബൂത്തുകളടങ്ങുന്ന ഒരു സെക്ടറില്‍ രണ്ടു പേരടങ്ങുന്ന രണ്ടുവീതം സംഘത്തെയാണ് നിയോഗിക്കുക.

Post a Comment

Previous Post Next Post