കാരന്തൂർ-മെഡി.കോളജ് റോഡ് വികസനം; സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങി

 

കുന്നമംഗലം:അരയിടത്തുപാലം-കാരന്തൂർ റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനു പ്രാഥമിക നടപടികൾ തുടങ്ങി. പൊതുമരാമത്ത് നേതൃത്വത്തിൽ സ്ഥലം അളന്നു കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. ഒന്നാം ഘട്ടം 12 മീറ്റർ വിസ്തൃതിയിൽ റോഡ് നിർമിക്കുന്ന മെഡിക്കൽ കോളജ് മുതൽ കാരന്തൂർ വരെയുള്ള ചെലവൂർ, കുന്നമംഗലം വില്ലേജുകളിലെ സ്ഥലങ്ങളാണ് അടയാളപ്പെടുത്തിയത്.


ഒന്നാം ഘട്ട പ്രവൃത്തിക്ക് 1853 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിന് 205 കോടി രൂപയാണു ചെലവ് കണക്കാക്കിയത്. കൂടാതെ ചെലവൂർ വില്ലേജിൽ 6 വീടും കുന്നമംഗലം വില്ലേജിൽ 2 വീടും ഏറ്റെടുക്കുന്ന സ്ഥലത്തിൽ ഉൾപ്പെടും. കാരന്തൂർ, മുണ്ടിക്കൽതാഴം, മായനാട്, ഒഴുക്കര ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ചിലതും ഏറ്റെടുക്കേണ്ടി വരും.


റോഡ് നവീകരിക്കുമ്പോൾ സ്ഥലം ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു നാളെ സ്ഥലം ഉടമകളുടെയും കെട്ടിട ഉടമകളുടെയും യോഗം കാരന്തൂർ ഹൗസിങ് സൊസൈറ്റി ഹാളിൽ ചേരും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മെഡി.കോളജ് മുതൽ കാരന്തൂർ വരെ ആണ് റോഡ് വികസിപ്പിക്കുന്നത്.

Post a Comment

Previous Post Next Post