ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ജൈവ ക്യാപ്സ്യൂളിന് പേറ്റന്റ്. 2013-ലാണ് മൂന്നു ശാസ്ത്രജ്ഞരുടെ സംഘം ക്യാപ്സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളത്തിന്റെ പേറ്റന്റിനുള്ള അപേക്ഷ ഭാരതീയ ബൗദ്ധിക സ്വത്തവകാശവിഭാഗത്തിന് സമർപ്പിച്ചത്. ഡോ. ആനന്ദ് രാജ്, ഡോ.ആർ.ദിനേശ്, ഡോ.വൈ,കെ.ബിനി എന്നിവരാണ് സൂക്ഷ്മജീവികൾ ഗുളികരൂപത്തിൽ ശേഖരിച്ചു സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സാങ്കേതികവിദ്യയായ ജൈവ ക്യാപ്സ്യൂളുകൾ കണ്ടുപിടിച്ചത്.
മണ്ണിന്റെ ഗുണനിലവാരവും പാരിസ്ഥിതികനിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാനും ജൈവക്യാപ്സ്യൂളുകൾ ഉപകരിക്കുമെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ജെ.രമ പറഞ്ഞു. സുഗന്ധവിളകൾക്കു പുറമേ, പച്ചക്കറി, തെങ്ങ്, വാഴ തുടങ്ങി എല്ലാവിധ വിളയിനങ്ങൾക്കും ഉപയോഗിക്കാവുന്ന ജൈവ ക്യാപ്സ്യൂളുകൾ ലഭ്യമാണ്.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിനുപുറമേ ഈ സാങ്കേതികവിദ്യയുടെ ലൈസൻസെടുത്ത നാല് ഏജൻസികളും ക്യാപ്സ്യൂളുകൾ ഉത്പാദിപ്പിച്ച് കർഷകരിലെത്തിക്കുന്നുണ്ട്.
ഗവേഷണകേന്ദ്രത്തിന്റെ മൂന്ന് കണ്ടുപിടുത്തങ്ങൾക്ക് നേരത്തെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. മഞ്ഞൾ ചെടികൾക്ക് വേണ്ടിയുള്ള മൈക്രോ ന്യൂട്രിയന്റ് കോമ്പോസിഷൻ, ഇഞ്ചിക്ക് രണ്ട്തരം മൈക്രോ ന്യൂട്രിയന്റ് കോമ്പോസിഷൻ എന്നിവയാണവ.