*എല്ലാവിധ ചടങ്ങുകളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
**പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ 303 സെക്ടറൽ മജിസ്‌ട്രേട്ടുമാർ
ജില്ലയില്‍ കോവിഡ് പ്രതിദിന കണക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
പൊതുസ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ആളുകള്‍ ക്രമാതീതമായി പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. എല്ലാ തരം ചടങ്ങുകളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനങ്ങളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധമാക്കും. വാഹനങ്ങളില്‍ സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ആളുകള്‍ സഞ്ചരിക്കാന്‍ പാടുള്ളു.ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി 303 സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. പോലിസും ഹെല്‍ത്ത് വിഭാഗവും ഇവരെ കൂടെ പ്രവര്‍ത്തിക്കും. വാര്‍ഡ് ആര്‍.ആര്‍.ടി കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. പരിശോധനയ്ക്കായി പോലിസ് പട്രോള്‍ ടീമുമുണ്ടാകുമെന്ന് കലക്ടര്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ജില്ലയില്‍ ഇതുവരേ 15 ലക്ഷം പേരെ
കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഏതെങ്കിലും ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ടെസ്റ്റ് ചെയ്യണം. സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, സ്ട്രീറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നര്‍, ഓട്ടോ/ടാക്സി ഡ്രൈവര്‍മാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, സ്‌കൂള്‍, കോളജ് അധ്യാപകര്‍, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തവര്‍ എന്നിവരില്‍ കൂടുതലായും കോവിഡ് പരിശോധന നടത്തും. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ക്വാറന്റീന്‍ പാലിക്കണം. ജില്ലാ, തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമുകള്‍ കേന്ദ്രീകരിച്ച് സമ്പര്‍ക്കത്തില്‍ വരുന്നവരെ കണ്ടുപിടിച്ച് പരിശോധനയ്ക്ക് വിധേയമാക്കും.45 വയസിന് മുകളിലുള്ള എല്ലാവരേയും വാക്സിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും വാക്സിനേഷന്‍ കാംപുകള്‍ നടത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ്, നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം നവീന്‍ എന്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ അരുണ്‍ ടി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.