ബ്ലാക്ക് ഫംഗസ്: ICU-കള്‍ പരിശോധിക്കണം; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി


തിരുവനന്തപുരം: കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശവും ചികിത്സയ്ക്കായി പ്രത്യേക മാർഗ നിർദേശവും പുറത്തിറക്കി.


കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താൻ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാർഗ നിർദേശത്തിൽ പറയുന്നത്. ഫംഗൽ ബാധയ്ക്ക് സാധ്യത ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ്. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗൽ ബാധ ഉണ്ടോയെന്ന് ഉടൻ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗൽ ബാധ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കോവിഡ് രോഗികളെ ഡിസ്ച്ചാർജ് ചെയ്യുമ്പോൾ ഫംഗൽ ബാധ ഉണ്ടാകാൻ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം.


ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗൽ ബാധ കണ്ടുവരുന്നത്. അവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകണം. ഫംഗൽ ബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിർദേശം രോഗികൾക്ക് നൽകണം. ഫംഗൽ ബാധ തടയാൻ മാസ്ക് ഫലപ്രദമായി ഉപയോഗിക്കണം. മാസ്ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ പറയുന്നു.


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post