ബ്ലാക്ക് ഫംഗസ് : കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 15 കേസുകൾ; പകരുന്ന രോഗമല്ലെന്ന് മുഖ്യമന്ത്രി


കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട്15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നും അതുകൊണ്ട് രോഗികളെ ചികിത്സിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടിൽ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇതെന്നും, നേരത്തെ ഈ രോഗത്തിന്റെ 40 % വും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് രോഗം അപകടകാരിയാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും, കാൻസർ രോഗികളിലും രോഗം കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ൽ കേരളത്തിൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്റ്റിറോയിഡുകളോ, പര്തിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ ബ്ലാക്ക് ഫംഗസ് ഗുരുതരമായി പിടിപെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ കേരളം ജാഗ്രതാ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post