ഏറ്റെടുക്കൽ എന്ന്; എന്ന് തീരും കോംട്രസ്റ്റിന്റെ ഈ ദുരിതകാലം



കോഴിക്കോട്: കോംട്രസ്റ്റ് ഭൂമിവാങ്ങിയവർ ഹൈക്കോടതിയിൽ നൽകിയ കേസിൽ തീരുമാനമാവാതെ മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കുന്ന കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലുറച്ച് വ്യവസായ വകുപ്പ്. രാഷ്ട്രപതി ഒപ്പുവെച്ച ബില്ലിന് കരട്ചട്ടം തയാറാക്കിയിട്ടുണ്ടെങ്കിലും അതിന് അംഗീകാരം നൽകാൻപോലും വ്യവസായവകുപ്പ് തയ്യാറാകുന്നില്ല. കേസ് തടസ്സമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ പറയുന്നു.

ഫാക്ടറിയും കോംട്രസ്റ്റിന്റെ മുഴുവൻ ഭൂമിയും ഏറ്റെടുത്തുകൊണ്ടുള്ള ബില്ലിന് 2018 ഫെബ്രുവരിയിൽ അംഗീകാരം നൽകിയതിനുപിന്നാലെയാണ് കോഴിക്കോട്ടെ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുൾപ്പെടെയുള്ള മൂന്ന് സ്ഥാപനങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ വ്യവസായവകുപ്പ് എതിർ സത്യവാങ്മൂലം നൽകാൻ തീരുമാനിച്ചതുതന്നെ 2020 ജൂണിലാണെന്ന് തൊഴിലാളികൾ പറയുന്നു. പിന്നീട് ഗവ. പ്ലീഡർമാരും കൃത്യമായി ഹാജരായില്ല. അതുകൊണ്ട് ഭൂമിയേറ്റെടുക്കൽ നടപടിക്കെതിരായ സ്റ്റേ ഒഴിവാക്കാൻ ഇപ്പോഴും കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഒരുഭാഗത്ത് ഫാക്ടറി തകർന്നുവീണുകൊണ്ടിരിക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു.

2009-ലാണ് ഫാക്ടറി പൂട്ടിയത്. അന്ന് 107 തൊഴിലാളികൾ ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞുപോവാതെ ഫാക്ടറി തുറന്നേക്കുമെന്ന പ്രതീക്ഷയിൽ തുടർന്നു. അതിൽ അഞ്ച് പേർ മരണപ്പെട്ടു. 22 പേർ ഇപ്പോൾ വിരമിക്കൽ പ്രായം കഴിഞ്ഞു. 77 പേർക്ക് സംസ്ഥാന സർക്കാരിന്റെ 5000 രൂപയുടെ ഇടക്കാലാശ്വാസം ലഭിക്കുന്നുണ്ട്. വിരമിക്കൽപ്രായം കഴിഞ്ഞവർക്ക് ഇടക്കാലാശ്വാസവുമില്ല. വിരമിക്കൽ ആനൂകൂല്യവുമില്ലാത്ത അവസ്ഥയാണ്.

കോംട്രസ്റ്റ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തിയിരുന്നു. ഒരു വിഭാഗം തൊഴിലാളികളുടെ നേതൃത്വത്തിൽ അന്നത്തെ വ്യവസായമന്ത്രി ഇ.പി. ജയരാജനുമായി ചർച്ചനടത്തി പ്രശ്നപരിഹാരത്തിനും ശ്രമിച്ചു. അതുകൊണ്ടൊന്നും പ്രയോജനവുമുണ്ടായില്ലെന്ന് മാത്രമല്ല, അനിശ്ചിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. എല്ലാ നടപടികളിലും മെല്ലെപ്പോക്കാണുണ്ടായതെന്ന് തൊഴിലാളിയായ പി.കെ. സന്തോഷ്കുമാർ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റതോടെ എന്തെങ്കിലും നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

ഏറ്റെടുക്കാൻ തീരുമാനിച്ചത് 3.84 ഏക്കർ

.84 ഏക്കർ ഭൂമിയും ഫാക്ടറിയും ഏറ്റെടുക്കുമെന്നാണ് നിയമത്തിൽ പറഞ്ഞിരുന്നത്. ഇതിൽ 2.08 ഏക്കർ നേരത്തേ മൂന്നു സ്ഥാപനങ്ങൾക്ക് കോംട്രസ്റ്റ് മാനേജ്മെന്റ് വിറ്റതാണ്. അതുംകൂടെ തിരിച്ചുകിട്ടേണ്ടതുണ്ടെന്നാണ് വ്യവസായവകുപ്പ് പറയുന്നത്. പക്ഷേ, ഭൂമി തിരിച്ചെടുക്കൽ വൈകാൻ നിയമതടസ്സം കാരണമായി പറയാമെങ്കിലും പുരാവസ്തു മൂല്യമുള്ള ഫാക്ടറി കെട്ടിടം ഇടിഞ്ഞുവീഴാതിരിക്കാനുള്ള നപടിപോലും ഇപ്പോൾ കോംട്രസ്റ്റിന്റെ ചുമതലയുള്ള കെ.എസ്.ഐ.ഡി.സി. ശ്രമിക്കുന്നില്ല. പുരാവസ്തുവകുപ്പ് ഏറ്റെടുത്ത്, ഫാക്ടറി മ്യൂസിയമാക്കി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പാക്കുന്നതിൽ അവർ താത്പര്യം കാണിച്ചതേയില്ല.

Post a Comment

Previous Post Next Post