കോവിഡ് കാലത്തും മുന്നേറ്റമുണ്ടാക്കി കോഴിക്കോട് സൈബര്‍ പാര്‍ക്ക്



കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിലും സർക്കാർ നിയന്ത്രണത്തിലുള്ള കോഴിക്കോട് സൈബർ പാർക്കിൽ പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത് അഞ്ച് കമ്പനികൾ. മാർച്ചിൽ നാല് പുതിയ കമ്പനികൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലോകത്തെങ്ങും ഐ.ടി മേഖല വീട്ടകങ്ങളിലേക്ക് മാറുമ്പോൾ സൈബർ പാർക്കിൽ കൂടുതൽ കമ്പനികൾ എത്തുകയാണ്. 

മാർച്ചിൽ ഇലുസിയ ലാബ്, കോഡിലാർ ടെക്നോളജീസ്, അല്‍ഗോറെ ടെക്നോളജീസ്, ബി പ്രാക്ട് സോഫ്റ്റ് വെയർ സൊല്യൂഷൻസ് എന്നിവയാണ് സൈബർ പാർക്കിൽ തുടങ്ങിയത്. 'ഇലൂസിയ ലാബി ' ൽ നിർമ്മിത ബുദ്ധി, ഓഗ് മെൻഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെഷിൻ ലേണിംഗ് എന്നിവയിലധിഷ്ഠിതമായ വിജ്ഞാന സേവനങ്ങളാണ് നൽകുന്നത്. ഉപഭോക്തൃ സേവന രംഗത്തും ഇ -കൊമേഴ്സ് വിഭാഗത്തിലുമാണ് കോഡിലാർ പ്രവർത്തിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ സൊല്യൂഷനാണ് അൽഗോറെയുടെ പ്രവർത്തന മേഖല. വിവിധ കമ്പനികൾക്കുള്ള സോഫ്റ്റ് വെയർ സേവനങ്ങളാണ് ബി പ്രാക്ട് നൽകുന്നത്. ഫിൻടെക് സേവനങ്ങൾ നൽകുന്ന നെറ്റ് വർത്ത് സോഫ്റ്റ് വെയർ സൊല്യൂഷൻസ് എൽ.എൽ.പി, ക്ലൗഡ്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയിൻ സേവനങ്ങൾ നൽകുന്ന ഗ്രിറ്റസ്റ്റോൺ ടെക്നോളജീസ്, ചില്ലറ വ്യാപാരം, വിതരണ ശൃംഘല, ഉത്പാദനമേഖല, ആരോഗ്യം, ട്രാവൽ, ഹോസ്പിറ്റാലിറ്റി എന്നിവയ്ക്കുള്ള ഐ.ടി സേവനങ്ങൾ നൽകുന്ന സീനോ ഇ.ആർ.പി പ്രൈവറ്റ് ലിമിറ്റഡ്, ഇ.ആർ.പി സേവനങ്ങൾ നൽകുന്ന എം.വൈ.എം ഇൻഫോ ടെക്, ഇ.ആർ.പി മൊബൈൽ സേവനങ്ങൾ നൽകുന്ന മെന്റർ പെർഫോർമൻസ് റേറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എന്നിവയാണ് വരും ദിവസങ്ങളിൽ സൈബർ പാർക്കിൽ പ്രവർത്തനം തുടങ്ങാൻ പോകുന്നത്. 

2017 ൽ നാല് കമ്പനികളുമായി പ്രവർത്തനമാരംഭിച്ച സൈബർ പാർക്കിൽ മൂന്ന് വർഷം കൊണ്ട് 58 കമ്പനികളായി ഉയർന്നു. ഇൻകുബേറ്റർ കൂടിയായ മൊബൈൽ 10 എക്സിന്റെ മികവ് കൂടി കണക്കാക്കുമ്പോൾ 98 കമ്പനികളാണ് സൈബർ പാർക്കിൽ പ്രവർത്തിക്കുന്നത്. ഏകദേശം 850ൽ പരം ജീവനക്കാർ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post