കടൽക്ഷോഭം: തീരദേശത്ത് തിരിച്ചുവരവ് അതിവേഗം


വടകര: കടൽക്ഷോഭത്തിൽ വൻനാശം നേരിട്ട തീരദേശം ദുരിതകാലം മറന്ന് പതിയെ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വൈദ്യുതലൈൻ, കുടിവെള്ള പൈപ്പുകൾ, തീരദേശ റോഡുകൾ, വീടുകൾ എന്നിവയ്ക്കെല്ലാം നാശം നേരിട്ടിരുന്നു. ഇതെല്ലാം പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ ഊർജിതമാണ്. കടൽത്തീരത്ത് വന്നടിഞ്ഞ മാലിന്യം നീക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. വിവിധവകുപ്പുകൾ ഇതിനായി ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.


മാലിന്യം നീക്കി, തീരം അതി സുന്ദരം...

കടൽക്ഷോഭം കഴിഞ്ഞയുടനെയുള്ള തീരത്തിന്റെ കാഴ്ച മനംമടുപ്പിക്കുന്നതായിരുന്നു. നോക്കെത്താദൂരത്തോളമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിറഞ്ഞത്. വടകര നഗരസഭാ പരിധിയിലെ അഴിത്തല മുതൽ കുരിയാടി വരെയുള്ള നാലുകിലോമീറ്റർ ദൂരത്തിലെ മാലിന്യം മൊത്തം നഗരസഭയുടെ നേതൃത്വത്തിൽ മൂന്നുദിവസംകൊണ്ട് ഏതാണ്ട് പൂർണമായും നീക്കി. വാർഡ് 44-ൽ നൂറ്് മീറ്റർ സ്ഥലത്താണ് ഇനി കുറച്ച് മാലിന്യം ബാക്കിയുള്ളത്. ഇതും ഉടൻ നീക്കം ചെയ്യും.

നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ തീരദേശവാർഡുകളിലെ കൗൺസിലർമാരും നാട്ടുകാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെല്ലാം ഒത്തൊരുമിച്ചാണ് ഇതിന് നേതൃത്വം നൽകിയത്. ഒരുദിവസം നാല് ജെ.സി.ബിയും രണ്ടുദിവസം മൂന്ന് വീതം ജെ.സി.ബിയും ഇതിനായി പ്രവർത്തിച്ചു. പ്ലാസ്റ്റിക് മാലിന്യം നഗരസഭയുടെ ഹരിയാലി ഹരിതകർമസേന തരംതിരിച്ചെടുത്തു. ജൈവമാലിന്യം കുഴിയെടുത്ത് മൂടി. പെട്ടെന്നുതന്നെ മാലിന്യം നീക്കം ചെയ്യാനായത് പകർച്ചവ്യാധിഭീഷണി ഒഴിവാക്കി. ചോറോട്, അഴിയൂർ പഞ്ചായത്ത് പരിധിയിലും മാലിന്യങ്ങൾ നീക്കം ചെയ്തു.


തീരസംരക്ഷണം ഉടനടി

കടൽക്ഷോഭത്തിൽ തീരദേശറോഡിന് വലിയ നാശം വിതച്ച കാപ്പുഴക്കലിലും നടുത്തോടിലും വടകര നഗരസഭയിലെ ചുങ്കം ഭാഗത്തും റോഡ് പുനർനിർമിക്കാനുള്ള ഒരുക്കം തുടങ്ങി. എം.പിയും എം.എൽ.എയും വിവിധ തദ്ദേശസ്ഥാപനങ്ങളും ഇടപെട്ടതിനെത്തുടർന്ന് കളക്ടറാണ് അടിയന്തരനിർമാണം നടത്താൻ മേജർ ഇറിഗേഷൻ വിഭാഗത്തിന് നിർദേശം നൽകിയത്. പ്രവൃത്തി പെട്ടെന്നുതന്നെ യു.എൽ.സി.സി.എസിനെ ഏൽപ്പിച്ച് ഇറിഗേഷൻ വിഭാഗവും ഉണർന്നുപ്രവർത്തിച്ചു.

കാപ്പുഴക്കൽ, നടുത്തോട് എന്നിവിടങ്ങളിൽ പ്രവൃത്തി തുടങ്ങി. ചുങ്കത്ത് കല്ലിറക്കിയിട്ടുണ്ട്. ഒഞ്ചിയം സ്വാമിമഠം, മുകച്ചേരിഭാഗം എന്നിവിടങ്ങളും പെട്ടെന്ന് പ്രവൃത്തി ചെയ്യാൻ പരിഗണനയിലുള്ള സ്ഥലങ്ങളാണ്. കുരിയാടിയിലും റോഡ് തകർന്നിരുന്നു. നാട്ടുകാരും മറ്റും കുറച്ചുഭാഗം നന്നാക്കിയിട്ടുണ്ട്. കടൽഭിത്തി നിർമാണത്തിനുള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.

വടകര നഗരസഭയിൽ മൂന്നിടത്ത് കടൽഭിത്തി നിർമാണപദ്ധതി ടെൻഡറായി സ്ഥലം കരാറുകാരന് കൈമാറി. ചോറോടിൽ ഒരു പ്രവൃത്തി ടെൻഡറായി. അഴിയൂരിൽ രണ്ട് പ്രവൃത്തികൾ ടെൻഡർ ഘട്ടത്തിലാണെന്നും മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പി.കെ. ബിജു അറിയിച്ചു.


സല്യൂട്ട് കൊടുക്ക് കെ.എസ്.ഇ.ബിക്ക്...

വടകര ബീച്ച് സെക്ഷനിൽ മാത്രം കടൽക്ഷോഭത്തിൽ 12 വൈദ്യുതത്തൂണുകൾ തകർന്നു. 30 തൂണുകൾ ചെരിഞ്ഞു. പലയിടങ്ങളിലായി ലൈൻ പൊട്ടി. മേയ് 16-നുതന്നെ എല്ലാം പൂർവസ്ഥിതിയാലാക്കാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചു. പെട്ടെന്നുതന്നെ വൈദ്യുതിവിതരണം പൂർവസ്ഥിതിയിലാക്കിയത് ഏവരുടെയും പ്രശംസയും പിടിച്ചുപറ്റി. അഴിയൂർ സെക്ഷനുകീഴിൽ ഒമ്പത് തൂണാണ് തകർന്നത്. ഒരു തൂൺ ഒഴികെ മറ്റെല്ലാം മാറ്റിസ്ഥാപിച്ചു. റോഡ് പുനർനിർമാണം നടക്കുന്നതിനാലാണ് ഒരു തൂൺ സ്ഥാപിക്കാത്തത്. ഇവിടെ വൈദ്യുതിവിതരണം മുടങ്ങാതിരിക്കാൻ പകരം സംവിധാനം ഒരുക്കി.


ജലഅതോറിറ്റിയും സജീവം

കടൽക്ഷോഭത്തിൽ മണ്ണും മണലും ഒഴുകിപ്പോയി കുടിവെള്ളപൈപ്പുകൾ വ്യാപകമായി പൊട്ടിയിരുന്നു. ഇത് പൂർവസ്ഥിതിയാലാക്കുന്ന പ്രവൃത്തി കൊയിലാണ്ടിവളപ്പ്, പുറങ്കര ഭാഗങ്ങളിൽ പൂർത്തിയായതായി ജലഅതോറിറ്റി അറിയിച്ചു. കുരിയാടി ഭാഗത്തും പ്രവൃത്തി നടക്കുന്നുണ്ട്. ഇതും ഉടൻ പൂർത്തിയാകും.

Post a Comment

Previous Post Next Post