പാല്‍ സംഭരണം കുറച്ച് മില്‍മ; പാലില്‍ കുളിച്ച് പ്രതിഷേധവുമായി കര്‍ഷകര്‍


പാല്‍ സംഭരണം കുറച്ച മില്‍മ തീരുമാനത്തിനെതിരെ പാലില്‍ കുളിച്ച് കര്‍ഷകരുടെ പ്രതിഷേധം. കോഴിക്കോട് കാരശ്ശേരി ചുണ്ടത്തുംപൊയിലിലാണ് വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം നടന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

മലബാര്‍ യൂണിയന് കീഴില്‍ മില്‍മ പാല്‍ സംഭരണം ഭാഗികമായി നിര്‍ത്തിയതോടെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സഹകരണ സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയിരുന്ന പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രം പാലാണ് ലോക്ക് ഡൗണ്‍ തീരുന്നത് വരെ മില്‍മ സംഭരിക്കുക. കാല്‍ലക്ഷത്തോളം ക്ഷീര കര്‍ഷകരെയാണ് ഈ നടപടി ബാധിക്കുന്നത്.

ക്ഷീര കര്‍ഷകരുടെ കുടുംബങ്ങളുടെ വരുമാനത്തിന്റെ നട്ടെല്ല് ഒടിക്കുന്നതാണ് തീരുമാനം. ചിലര്‍ക്ക് സമീപ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായതിനാല്‍ ആര്‍ക്കും പാല്‍ സൗജന്യമായി പോലും നല്‍കാനാകുന്നില്ല. അതേസമയം പാലക്കാട്ട് അതിര്‍ത്തി ഗ്രാമമായ മീനാക്ഷിപുരത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുമേഷ് അച്യുതന്റെ നേതൃത്വത്തില്‍ പാല്‍ സൗജന്യമായി വിതരണം ചെയ്യുകയാണ്. സംഭരിക്കാനാകാത്തതിനാല്‍ മറ്റു വഴികളില്ല. പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാവുന്ന സ്ഥാപനം കേരളത്തിലുണ്ടെങ്കില്‍ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകുമെന്നാണ് കര്‍ഷകരുടെ നിലപാട്.

Post a Comment

Previous Post Next Post