തദ്ദേശ സ്ഥാപനങ്ങൾ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങും


കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുള്ളതായി ജില്ലാ കലക്ടർ അറിയിച്ചു. കോർപറേഷൻ 25 എണ്ണവും മുനിസിപ്പാലിറ്റികൾ അഞ്ചെണ്ണം വീതവും ഗ്രാമ പഞ്ചായത്തുകൾ രണ്ടെണ്ണം വീതവും വാങ്ങാനാണ് തീരുമാനം. ഇതിനുള്ള തുക തദ്ദശേ സ്ഥാപനങ്ങൾ വകയിരുത്തും.

കോവിഡ് വ്യാപനത്തിന്റേയും ലോക് ഡൗണിന്റേയും സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. ആവശ്യമായ സൗകര്യങ്ങളില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ അടുത്ത ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് സൗകര്യമേർപ്പെടുത്തണം. ജില്ലയിൽ 38 തദ്ദേശ സ്ഥാപനങ്ങൾക്കാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്വന്തമായി സൗകര്യങ്ങളുള്ളത്.

50 വയസ്സിന് മുകളിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ നിർബന്ധമായും ആരോഗ്യ സുരക്ഷ മുൻനിർത്തി ഡിസിസികളിലേക്കോ എഫ് എൽ ടി സി കളിലേക്കോ മാറ്റണമെന്ന് തദ്ദേശസ്ഥാപനങ്ങക്ക് നിർദേശം നൽകി. കിടപ്പ് രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എഫ് എൽ.ടി.സികളിലേക്ക് മാറ്റി ചികിത്സ ഉറപ്പുവരുത്തണം.

വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഗൗരവ ശ്രദ്ധ പുലർത്തണം. എല്ലായിടത്തും മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തയ്യാറാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എഫ് എൽ. ടി.സികളിലും ആംബുലൻസുകൾ ഉറപ്പു വരുത്തണമെന്നും കലക്ടർ നിർദേശിച്ചു.

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് ലേബർ വകുപ്പ് ഉറപ്പു വരുത്തും. ഇവർക്ക് വേണ്ടി ക്യാമ്പുകൾ തുടങ്ങണം. പോസിറ്റീവാകുന്നവരെ പ്രത്യേകം ഡിസിസികളിലേക്ക് മാറ്റണമെന്നും കലക്ടർ പറഞ്ഞു. ഇവർക്ക് വേണ്ടി ക്യാമ്പുകൾ തുടങ്ങണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ കലക്ടർ നിർദേശിച്ചു.

Post a Comment

Previous Post Next Post