ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഇനി മുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. ഓക്സിജൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകൾ സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ ( മേയ് 13) മുതൽ ലഭ്യമാക്കും.

ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവർമാരുടെ ആദ്യ ബാച്ചിലെ 35 പേർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ ഇനോക്സ് (INOX) കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും.

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജൻ സിലണ്ടറുകൾ സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഒരുക്കിയ വാർ റൂമിൽ രാപകൽ കേരളത്തിലുടനീളം ഡ്രൈവർമാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളിൽ ഡ്രൈവർമാരുടെ കുറവ് കാരണം വാർ റൂമിൽ നിന്നും കെഎസ്ആർടിസിയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

തുടർന്നാണ് സിഎംഡി ടാങ്കർ ലോറികൾ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സർവ്വീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്നുള്ള സർക്കുലർ ഇറക്കിയത്. ഇതിന് പിന്നാലെ 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിലായി താൽപര്യം അറിയിച്ചത്.

അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്കാണ് നാളെ പരിശീലനം നൽകുന്നത്. തുടർന്ന് മേയ് 14 ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വെയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കും.

ഇതിന് പുറമെ വിവിധ ജില്ലകളിലെ കളക്ടർമാരുടെ ആവശ്യപ്രകാരം കെഎസ്ആർടിസിയിലെ ജീവനക്കാർ പല കളക്ടറേറ്റുകളിലും ഡ്രൈവർമാരായും മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവനം അനുഷ്ടിച്ച് വരികയുമാണ്. ഇത് കൂടാതെ കൂടുതൽ കെഎസ്ആർടിസി ജീവനക്കാർ സന്നദ്ധ സേവനത്തിനായി താൽപര്യമറിയിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

Post a Comment

Previous Post Next Post