- പ്രതിരോധം ഊർജിതമാക്കി; ജാഗ്രത വേണമെന്ന് ആരോഗ്യവിഭാഗം
വടകര: മണിയൂർ പഞ്ചായത്തിൽ കോവിഡ്‌വ്യാപനം രൂക്ഷമാകവെ വെല്ലുവിളി ഉയർത്തി ഡെങ്കിപ്പനി കേസുകളും കൂടുന്നു. രണ്ടാഴ്ചയ്ക്കിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധത്തിനൊപ്പംതന്നെ ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ് പഞ്ചായത്തും ആരോഗ്യവിഭാഗവും.
കോവിഡിനൊപ്പം ഡെങ്കിപ്പനിയും വന്നാൽ അപകടസാധ്യത വളരെ കൂടുമെന്നതിനാൽ വലിയ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യം ഒഴിവാക്കാൻ വീടും പരിസരവും വൃത്തിയാക്കി എല്ലാവരും സഹകരിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് ശ്രീധരനും ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബാബുവും അഭ്യർഥിച്ചു.
പതിനെട്ടാംവാർഡിൽ 11 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 20-ാം വാർഡിൽ രണ്ടുപേർക്കും മൂന്നാംവാർഡിൽ ഒരാൾക്കും രോഗമുണ്ട്. ഇവർ ചികിത്സയിലാണ്.
ഡെങ്കിപ്പനിബാധിതപ്രദേശങ്ങളിൽ ജനപ്രതിനിധികൾ , ആരോഗ്യവകുപ്പ് ജീവനക്കാർ, ആശ, കുടുബശ്രീ പ്രവർത്തകർ എന്നിവർ ഉൾപ്പെട്ടസംഘം വീടുകൾ സന്ദർശിച്ച് ഉറവിടനശീകരണം, കൊതുകിന്റെ സാന്ദ്രതാ പഠനം, വീടിനകത്ത് മരുന്ന് തളിക്കൽ, കൊതുക് നശീകരണത്തിന് ഫോഗിങ്, ബോധവത്‌കരണ നോട്ടീസ് വിതരണം എന്നിവ നടത്തി.
വാർഡ് മെമ്പർ പി.ടി. ശോഭന, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.കെ. ഷിൻന്ദു, കെ. രാജേഷ്, വി.എസ്. റെജി, അമൃത എന്നിവർ നേതൃത്വം നൽകി.
മണിയൂരിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 30-നും 50 ശതമാനത്തിനും മധ്യെയാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്തിനെ മൊത്തം ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.