കോവിഡ് അതിതീവ്ര വ്യാപന ഘട്ടത്തിലാണ്. അതിനാൽ തന്നെ കേരളം ശനിയാഴ്ച മുതൽ ലോക്ഡൗണിലേക്ക് പോവുകയാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇ-സഞ്ജീവനി വഴിയുള്ള കോവിഡ് ഒ.പി. സേവനം 24 മണിക്കൂറും ലഭിക്കും.
കോവിഡ് നിരീക്ഷണത്തിലുള്ളവർ, ചികിത്സയിലുമുള്ളവർ, രോഗലക്ഷണമുള്ളവർ, രോഗ സംശയമുള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി കോവിഡ് ചികിത്സയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അവഗണിക്കാതെ ഇ-സഞ്ജീവനിയിൽ വിളിച്ച് സംശയനിവാരണം നടത്താം. ഇതിലൂടെ വേണ്ട റഫറൻസും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല രോഗം മൂർച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കുന്നു.
കോവിഡ് ഒ.പി. സേവനം കൂടാതെ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 35ൽ പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാകും. തുടർ ചികിത്സയ്ക്കും പാലിയേറ്റീവ് കെയർ സ്റ്റാഫുകൾക്കും ഉൾപ്പെടെ എല്ലാവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്.
ലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ആരിൽ നിന്നും ആരിലേക്കും രോഗം പകരുന്ന അവസ്ഥയാണുള്ളത്. ഈയൊരു സാഹചര്യത്തിൽ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്നതാണ് ഇ-സഞ്ജീവനി.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
- https://esanjeevaniopd.inഎന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇസഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_USമൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.
- ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.
- ലഭിക്കുന്ന ഒ.ടി.പി. നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
- വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം സംസാരിക്കാം.
- ഓൺലൈൻ കൺസൾട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.