ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരിൽ ഹർത്താൽ



ബേപ്പൂർ: തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരുവിലേക്കു മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ 17ന് ഉച്ചവരെ ബേപ്പൂരിൽ ഹർത്താൽ ആചരിക്കാൻ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. അങ്ങാടി മുതൽ ആർഎം ആശുപത്രി വരെയുള്ള മേഖലയിലാണു ഹർത്താൽ. അന്നു രാവിലെ അങ്ങാടിയിൽ സർവകക്ഷി പ്രതിഷേധ ധർണ നടത്തും. എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. ചരക്കുനീക്കം പൂർണമായും മംഗളൂരുവിലേക്കു മാറ്റിയാൽ തുറമുഖത്തെ  ഇരുനൂറോളം തൊഴിലാളികളെ ബാധിക്കുമെന്നു യോഗം ചൂണ്ടിക്കാട്ടി.

തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ യോജിച്ച പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചു. തുറമുഖം, ഫിഷറീസ്, ടൂറിസം മന്ത്രിമാരെ നേരിൽ കണ്ട് തുറമുഖത്തെ പ്രതിസന്ധി അറിയിക്കാനും നിവേദനം നൽകാനും തീരുമാനിച്ചു. കൗൺസിലർ എം. ഗിരിജ അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽ ഗഫൂർ ചെയർമാനും കെ.വി. ശിവദാസൻ കൺവീനറുമായി ബേപ്പൂർ പോർട്ട് സംരക്ഷണ സമിതി രൂപീകരിച്ചു.

Post a Comment

Previous Post Next Post