ജീവൻ വെക്കുമോ ബേപ്പൂർ-മലാപ്പറമ്പ് നാലുവരിപ്പാത



ബേപ്പൂർ:സമഗ്ര വികസനപദ്ധതികൾ സംസ്ഥാനസർക്കാർ ആവിഷ്കരിക്കുമ്പോൾ ബേപ്പൂർ- മലാപ്പറമ്പ് നാലുവരിപ്പാത കൂടി യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് ബേപ്പൂരിലെ ജനങ്ങൾ. ബേപ്പൂർ തുറമുഖവും വിനോദ സഞ്ചാരകേന്ദ്രമായ ‘ബേപ്പൂർ മറീന’യും ഉൾപ്പെടുത്തി സംസ്ഥാനസർക്കാർ ആവിഷ്കരിക്കുന്ന ‘ബേപ്പൂർ മലബാറിന്റെ കവാടം’ എന്ന വികസനപദ്ധതിക്ക്‌ ഏറെ ഗുണം ചെയ്യുന്നതാണ് നാലുവരിപ്പാത. 400 കോടി രൂപ ചെലവ് വരുന്ന നാലുവരിപ്പാതയിപ്പോൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. നാലുവരിപ്പാതയ്ക്കൊപ്പം മേൽപ്പാലനിർമാണവും പദ്ധതിയിൽ ഉൾപ്പെടും.

കേന്ദ്രപദ്ധതിയായ ‘ഭാരത്‌ മാല’യ്ക്ക്‌ കീഴിലായതിനാൽ സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്വം പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തൽ മാത്രമായിരിക്കും. ഡി.പി.ആർ. ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണെങ്കിലും സംസ്ഥാനസർക്കാർ സ്ഥലം ഏറ്റെടുത്തുനൽകുന്ന മുറയ്ക്കേ പദ്ധതി ആരംഭിക്കുകയുള്ളൂ. ദേശീയപാത അതോറിറ്റിയാണ് പദ്ധതിയുടെ റിപ്പോർട്ട് സമർപ്പിച്ചത്. 2017 മുതൽ ബേപ്പൂർ - മലാപ്പറമ്പ് നാലുവരിപ്പാത- മേൽപ്പാലം പദ്ധതി യാഥാർഥ്യമാക്കാൻ എം.കെ.രാഘവൻ എം.പി ഇടപ്പെടിരുന്നു. 2018 നവംബർ 12-ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയുടെ അംഗീകാരവും പദ്ധതിക്ക് ലഭിച്ചു.

നിർദിഷ്ട നാലുവരിപ്പാതയ്ക്കും മേൽപ്പാലത്തിനും നഗരത്തിലെ ഗതാഗതക്കുരുക്ക്‌ കുറയ്ക്കാൻ കഴിയും. കോഴിക്കോടിനെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766, ഗോവ- മഹാരാഷ്ട്ര എന്നിവയുമായി ബന്ധിപ്പിക്കുന്ന കന്യാകുമാരി-പൻവേൽ ദേശീയപാത 66-ഉം കൂടിച്ചേരുന്നത്‌ മലാപ്പറമ്പിലാണ്‌. ഈ ജങ്ഷനിൽനിന്ന്‌ ബേപ്പൂരിലേക്ക്‌ പുതിയപാത വന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്ക്‌ കുറയ്ക്കാനാവും. കർണാടകത്തിലേക്കും മറ്റുമുള്ള ചരക്കുകടത്ത്‌ എളുപ്പമാവുകയുംചെയ്യും.

പദ്ധതിയിങ്ങനെ

  • ബേപ്പൂർ മുതൽ കോഴിക്കോട്‌ ബീച്ച്‌ വരെ നാലുവരിപ്പാത (13.4 കിലോമീറ്റർ) വികസിപ്പിക്കും.

  • കോഴിക്കോട്‌ ബീച്ചിലെ വെള്ളയിൽ ഭാഗത്തുനിന്ന്‌ എരഞ്ഞിപ്പാലത്തേക്ക്‌ പുതിയ മേൽപ്പാലം (2.9 കിലോമീറ്റർ) നിർമിക്കും.

  • വെള്ളയിൽ-പണിക്കർ റോഡ്‌-നടക്കാവ്‌ ഇംഗ്ലീഷ്‌ പള്ളി- കിഴക്കെ നടക്കാവ്‌-എരഞ്ഞിപ്പാലം ജങ്‌ഷൻ റൂട്ടിലാണ്‌ മേൽപ്പാലം.

  • എരഞ്ഞിപ്പാലം മുതൽ മലാപ്പറമ്പ്‌ ജങ്ഷൻ വരെ (2.1 കിലോമീറ്റർ) നാലുവരിപ്പാത.ബേപ്പൂർ- മലാപ്പറമ്പ്‌ നാലുവരിപ്പാത കടന്നുപോകുന്ന കോതിപ്പാലം

പദ്ധതി വേഗത്തിലാക്കാൻ നടപടി

നാലുവരിപ്പാത വികസവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി കൂടികാഴ്ച നടത്തിയിരുന്നു. അനുകൂല അഭിപ്രായമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ‘ബേപ്പൂർ മലബാറിന്റെ കവാടം’ പദ്ധതിയോടൊപ്പം നാലുവരിപ്പാത കൂടി യാഥാർഥ്യമായാൽ അത് മലബാറിന്റെ മുഴുവൻ വികസനത്തിൽ മുന്നേറ്റമുണ്ടാക്കും. പദ്ധതി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും.

എം.കെ.രാഘവൻ എം.പി. 

Post a Comment

Previous Post Next Post