ബേപ്പൂർ തുറമുഖത്തേക്ക്‌ വീണ്ടും കൺടെയ്‌നർ കപ്പൽ വരുന്നു: ഇത്തവണയെത്തുന്നത് മുംബൈയിൽനിന്ന്‌



ബേപ്പൂർ: ബേപ്പൂർ തുറമുഖത്തേക്ക്‌ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടെയിനർ കപ്പൽ ചരക്കുമായി എത്തുന്നു. തുറമുഖത്ത്‌ ജർമനിയിൽനിന്ന്‌ ഇറക്കുമതി ചെയ്ത മൊബൈൽ ക്രെയിനിന്റെ അറ്റകുറ്റപ്പണികൾ തീരുന്നമുറയ്ക്ക്‌ ഈ മാസം അവസാനത്തോടെ മുംബൈയിൽ നിന്നുള്ള ‘ഹോപ്പ്‌-7’ എന്ന കണ്ടെയിനർ കപ്പലാണ്‌ മലബാറിലെ വ്യാപാരികൾക്കുള്ള ചരക്കുമായി എത്തുക. സംസ്ഥാനത്തെ ഇടത്തരം തുറമുഖങ്ങളുടെ സംപൂർണ പ്രവർത്തനച്ചുമതലയുള്ള കേരള മാരിടൈം ബോർഡും കപ്പൽ കമ്പനികളുമായുള്ള പ്രാഥമിക ചർച്ച കഴിഞ്ഞമാസം കൊച്ചിയിൽ നടന്നിരുന്നു. ബോർഡ്‌ ചെയർമാൻ പി.ജെ. മാത്യുവും മുംബൈയിലെ റൗണ്ട്‌ ദ കോസ്റ്റ്‌ ഷിപ്പിങ്‌ കമ്പനിക്കുവേണ്ടി ജെ.എം. ബക്സി ഗ്രൂപ്പും നടത്തിയ ചർച്ചയിലാണ്‌ ബേപ്പൂർ, അഴീക്കൽ, കൊല്ലം, കൊച്ചി തുറമുഖങ്ങളിൽ മുംബൈയിൽനിന്ന്‌ കണ്ടെയിനർ കപ്പൽ വരുത്താൻ ധാരണയായത്‌.

ബേപ്പൂർ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കാണാനും തുറമുഖാധികൃതരുമായി ചർച്ച നടത്താനും റൗണ്ട്‌ ദ കോസ്റ്റ്‌ ഷിപ്പിങ്‌ കമ്പനി സി.ഇ.ഒ. കിരൺ ബി നന്ദ്രേ ബുധനാഴ്ച ജെ.എം. ബക്സി ഗ്രൂപ്പിന്റെ സീനിയർ മാനേജർ വർഗീസ്‌ ജെ. ജോർജും ഇറക്കുമതി വ്യാപാരി സംഘവുമായി ബേപ്പൂർ തുറമുഖത്തെത്തി പോർട്ട്‌ ഓഫീസർ ക്യാപ്‌റ്റൻ എബ്രഹാം വി. കുര്യാക്കോസുമായി ചർച്ചനടത്തി.

ചർച്ചയ്ക്കുമുമ്പായി കലിക്കറ്റ്‌ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രിയുടെ പ്രസിഡന്റ്‌ സുബൈർ കൊളക്കാടൻ, ചേംബറിന്റെ തുറമുഖസമിതി കൺവീനർ മുൻഷീദ്‌ അലി എന്നിവരും തുറമുഖത്ത്‌ ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ വാങ്ങിക്കുന്നവരും കയറ്റുമതി നടത്തുന്നവരുമായ വ്യാപാരി സംഘവും എം.കെ. രാഘവൻ എം.പി.യുമായി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാവേണ്ട കാര്യങ്ങൾ സംബന്ധിച്ച്‌ ചർച്ച നടത്തി. കൺടെയ്‌നർ കപ്പൽ എത്തുന്നതിനു മുമ്പായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലുള്ള എഫ്‌.ആർ.ആർ.ഒ. വിന്റെ എൻ.ഒ.സി. ലഭിക്കുന്നതുസംബന്ധിച്ചും സെൻട്രൽ ബോർഡ്‌ ഫോർ ഡയറക്ട്‌ ടാക്സ്‌ ചെയർമാനുമായും സംസാരിക്കാമെന്ന്‌ എം.പി. വാണിജ്യസംഘത്തിന്‌ ഉറപ്പുനല്കി.

രണ്ടുവർഷംമുമ്പ്‌ ട്രാൻസ്‌ ഏഷ്യൻ ഷിപ്പിങ്‌ കമ്പനിയുടെ ‘കരുതൽ’ എന്ന കൺടെയ്നർ കപ്പലാണ്‌ ആദ്യമായി ബേപ്പൂർ തുറമുഖത്ത്‌ ചരക്കുമായെത്തിയത്‌. തുടർന്ന്‌ ‘ഗ്രേറ്റ്‌ സീ വേമ്പനാട്‌’ എന്ന കൺടെയ്‌നറും എത്തി. ‘ഹോപ്പ്‌ 7 106 ടി.ഇ.യു.’ എന്നാണ്‌ തുറമുഖത്തെത്തുന്ന കൺടെയ്‌നർ കപ്പലിന്റെ മുഴുവൻ പേര്‌.

Post a Comment

Previous Post Next Post