ആരാധനാലയങ്ങൾ ഇന്ന്‌ തുറക്കും; നിയന്ത്രിത പ്രവേശനാനുമതിയോടെ




കോഴിക്കോട് : ആരാധനാലയങ്ങൾ ഭക്തർക്കായി നിയന്ത്രിതമായ പ്രവേശനാനുമതിയോടെ ഇന്ന്‌ തുറക്കും. കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ച് 15 പേരിൽ കൂടാതെ വിശ്വാസികൾക്ക് ആരാധനയ്ക്കെത്താം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടി.പി.ആർ.) 16 ശതമാനത്തിൽ കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളിലെ ആരാധനാലയങ്ങളാണ് തുറക്കുക. 

ലോക്ഡൗൺ നിബന്ധനകളിലെ ഇളവുകളെത്തുടർന്നാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചത്. തുറക്കുന്നതിന്റെ മുന്നോടിയായി ആരാധനാലയങ്ങളും പരിസരവും ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ചിലയിടങ്ങളിൽ അണുനശീകരണവും നടത്തി.

ശ്രീ വളയനാട് ദേവീക്ഷേത്രത്തിൽ ദിവസവും രാവിലെ അഞ്ചുമണി മുതൽ 11 വരെയും വൈകീട്ട് 5.30 മുതൽ ഏഴുവരെയും ഭക്തർക്ക് പ്രവേശനം നൽകുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വ്യാഴാഴ്ചമുതൽ ഭക്തർക്ക് ദർശനസൗകര്യമുണ്ടാവുമെന്ന് സെക്രട്ടറി അറിയിച്ചു. 

പള്ളികളിൽ ഒരേസമയം 15 പേരിൽ കൂടാത്തവിധം നിസ്കാരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സാധാരണ നിസ്കാരങ്ങൾ 10-15 മിനിട്ടായിരിക്കും. വെള്ളിയാഴ്ച ജുമാനമസ്‌ക്കാരം പരമാവധി 30 മിനുട്ടായിരിക്കണമെന്നും നിശ്ചയിച്ചതായി കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ അറിയിച്ചു. ആളുകൾ കൂട്ടംകൂടരുതെന്നും കോവിഡ് നിബന്ധനകൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റിച്ചിറ പള്ളിയിൽ ബുധനാഴ്ച കാർപ്പറ്റുകളും നിസ്‌കാരപടങ്ങളും മറ്റും ശുചീകരിച്ചു. വിശ്വാസികൾക്ക് വ്യാഴാഴ്ചമുതൽ പള്ളിയിൽ വരാമെന്ന് പള്ളിക്കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

കോഴിക്കോട് രൂപതയിലെ പള്ളികളിൽ ഞായറാഴ്ച മുതൽ കുർബാനയും ആരാധനകളും വിശ്വാസികളുടെ സാന്നിധ്യത്തിൽ പുനരാരംഭിക്കും. ഞായറാഴ്ചകളിൽ കുർബാനകളുടെ എണ്ണം വർധിപ്പിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്ന് ബിഷപ്പ്‌സ് ഹൗസിൽനിന്ന് അറിയിച്ചു. പല സമയത്തായി, തിരക്കുണ്ടാവാത്തവിധം വിശ്വാസികൾക്ക് പങ്കെടുക്കാം. മറ്റുദിവസങ്ങളിലും പ്രതിദിന കുർബാനയുണ്ടാവും. 

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നല്കിയ സർക്കാർ തീരുമാനം ഏറെ സ്വാഗതാർഹമാണെങ്കിലും ഞായറാഴ്ചകളിലെ ലോക്ഡൗൺ സംബന്ധിച്ച് വ്യക്തത ലഭിച്ചതിനുശേഷമേ സി.എസ്.ഐ. മലബാർ മഹായിടവകയിലെ പള്ളികളിലെ ശുശ്രൂഷകളുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ എന്ന് ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post