ചെറുകിട കമ്പനിക്കായി സൈബർപാർക്കിൽ വരുന്നൂ പുതിയ സൗകര്യങ്ങൾ



കോഴിക്കോട്: ഗവ. സൈബർപാർക്കിൽ 31 ചെറിയ കമ്പനികൾക്കായി പുതിയ ഓഫീസുകൾ ഒരുങ്ങി. ഐ.ടി. കെട്ടിടമായ സഹ്യ ബിൽഡിങ്ങിന്റെ ബെയ്‌സ്‌മെന്റ് ഏരിയയിൽ 42,744 ചതുരശ്രയടിയിലാണ് ചെറിയ കമ്പനികളെ ലക്ഷ്യംവെച്ച് ഓഫീസുകൾ പണിതത്. 10മുതൽ 66വരെ ജീവനക്കാർക്ക് ഒരേസമയം ജോലിചെയ്യാവുന്ന പല വലുപ്പത്തിലുള്ള ഓഫീസുകളാണുള്ളത്. എല്ലാം സജ്ജീകരിച്ചതിനാൽ പുതിയകമ്പനികൾക്ക് പ്രവർത്തനമാരംഭിക്കാൻ ഫർണിച്ചറിനുപോലും പണം ചെലവഴിക്കേണ്ടിവരില്ല.

ഈമാസം അവസാനത്തോടെ ഓഫീസുകൾ കെ.എസ്.ഐ.ടി.എൽ. സൈബർപാർക്കിന് കൈമാറും. കൈമാറ്റം കഴിഞ്ഞാലുടൻ പ്രവർത്തനമാരംഭിക്കുമെന്ന് സൈബർപാർക്ക് അധികൃതർ പറഞ്ഞു. നിലവിൽ കോഴിക്കോട് കേന്ദ്രമായുള്ള അഞ്ചുകമ്പനികൾ ബുക്കുചെയ്തിട്ടുണ്ട്. 550 ചതുരശ്രയടിയാണ് ഏറ്റവുംചെറിയ ഓഫീസിന്റെ വലുപ്പം. ഏറ്റവുംവലുത് 2500 ചതുരശ്രയടിയും. ഏഴുനിലയുള്ള സഹ്യ ബിൽഡിങ്ങിന്റെ 65 ശതമാനവും കമ്പനികൾ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സഹ്യയുടെ 50 ശതമാനം പൂർത്തിയായിക്കഴിഞ്ഞാൽ അടുത്ത ഐ.ടി. കെട്ടിടം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. സർക്കാരിൽനിന്ന്‌ അതിനുള്ള അനുമതിയും ബജറ്റ് വിഹിതവും ലഭിച്ചിട്ടുണ്ടെങ്കിലും ഉടൻ നിർമാണത്തിലേക്ക് കടക്കില്ല. നിലവിൽ ബാക്കിയുള്ള സ്ഥലം സ്വന്തമായി ഓഫീസ് വികസിപ്പിക്കാൻ കഴിയുന്ന കമ്പനികൾക്കുകൂടി നൽകുന്നതിനൊപ്പം ചെറിയ കമ്പനികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ ഓഫീസുകൾ ഒരുക്കിയത്.

60 കമ്പനികളാണ് സൈബർപാർക്കിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിനുപുറമേ മൊബൈൽ ആപ്പുകളുടെ ഇൻകുബേഷൻ ഹബ്ബായ മൊബൈൽ ടെന്നെക്സിൽ പ്രവർത്തിക്കുന്നവരുമുണ്ട്. 26 കമ്പനികൾ കോവിഡ്കാലത്ത് ആരംഭിച്ചിട്ടുണ്ട്. പ്രവർത്തനച്ചെലവ്‌ കുറവാണെന്നതാണ് കമ്പനികളെ കോഴിക്കോട്ടേക്ക് ആകർഷിക്കുന്നത്.

Post a Comment

Previous Post Next Post