‘ബേപ്പൂരിൽനിന്ന് അന്താരാഷ്‌ട്ര കപ്പൽസർവീസ് ആരംഭിക്കും’



കോഴിക്കോട്: ബേപ്പൂരിൽനിന്ന് ചരക്ക് നീക്കത്തിന് അന്താരാഷ്ട്ര കപ്പൽസർവീസ് ആരംഭിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ.

ഒമാനിലെയും ഷാർജ ഫ്രീസോണിലെയും രണ്ട് ഷിപ്പിങ് കമ്പനികൾ താത്‌പര്യം അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് നേരിട്ട് ചരക്ക് എത്തിക്കാനുള്ള തടസ്സങ്ങൾ നീക്കാൻ 28-ന് നടക്കുന്ന രാജ്യത്തെ തുറമുഖമന്ത്രിമാരുടെ യോഗത്തിൽ ആവശ്യമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിൽനിന്നുള്ള കണ്ടെയ്‌നർ കപ്പൽ 25-ന് ബേപ്പൂരിലെത്തും. ബേപ്പൂരിൽനിന്ന് അഴീക്കലിലെത്തി അവിടുന്ന് ചരക്കുമായാണ് മടങ്ങുക. ചരക്കുഗതാഗതം പുനരാരംഭിക്കുന്നതോടെ എട്ടായിരം രൂപയ്ക്ക് കണ്ടെയ്‌നറിൽ കോഴിക്കോട്ട് സാധനങ്ങൾ എത്തിക്കാൻ കഴിയും.ചരക്ക് ഗതാഗതത്തിന് നിലവിൽ അഞ്ചുകമ്പനികൾ തയ്യാറായിട്ടുണ്ട്. അതിൽ ആദ്യത്തേതിനാണ് അനുമതി നൽകിയത്. വിഴിഞ്ഞംപോലെ ബേപ്പൂർ തുറമുഖത്തെയും ക്രൂയിസ് ചെയ്ഞ്ചിങ് കേന്ദ്രമാക്കും. അതിന് ഒരു വാർഫ് കൂടെ നിർമിക്കും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വാർഫിനായി സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. അവർ നിർമിക്കുന്നില്ലെങ്കിൽ തുറമുഖ വകുപ്പ് ഏറ്റെടുക്കും.

ചരക്ക് കപ്പലുകൾക്ക് വരാൻ കൂടുതൽ സൗകര്യമൊരുക്കുന്നതിന് തുറമുഖത്തിന്റെ ആഴംകൂട്ടും. ലക്ഷദ്വീപും കോഴിക്കോടുമായി വലിയ ആത്മബന്ധമാണുള്ളത്. ലക്ഷദ്വീപുകാർക്ക് ബേപ്പൂരിൽ എല്ലാസൗകര്യങ്ങളും ചെയ്തുകൊടുക്കും.

ബേപ്പൂരിനെ അന്താരാഷ്ട്ര തുറമുഖമാക്കണമെന്നതാണ് സ്വപ്‌നം. തുറമുഖത്തിനായുള്ള മാസ്റ്റർപ്ലാൻപ്രകാരം ഡി.പി.ആർ. തയ്യാറാക്കിവരികയാണ്. വിനോദസഞ്ചാര സാധ്യതകൾകൂടെ ഉപയോഗപ്പെടുത്തുന്നരീതിയിലുള്ള യാത്രക്കപ്പലുകൾ കൊണ്ടുവരാനും ലക്ഷ്യമുണ്ട്.ബേപ്പൂരിൽ വൈക്കംമുഹമ്മദ് ബഷീറിനായി സ്മാരകം പണിയും. ബേപ്പൂർ ഹാർബറിൽ വിനോദസഞ്ചാരികൾക്കും നല്ല ഗുണമേൻമയുള്ള മത്സ്യം ലഭിക്കാനുള്ള സൗകര്യമൊരുക്കും. മിശ്കാൽപള്ളിയോട് ചേർന്ന് ജില്ലാഭരണകൂടം മ്യൂസിയം ഒരുക്കുന്നുണ്ട്. അതിനുപുറമെ കുറ്റിച്ചിറയിലെ ഒരു പുരാതന തറവാട് നിലനിർത്തി മ്യൂസിയമാക്കിമാറ്റും. കല്ലായി മരവ്യവസായമേഖലയെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസ്‌ക്ളബ്ബ് പ്രസിഡന്റ്‌ ഫിറോസ്ഖാൻ, ട്രഷറർ ഇ.പി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post