മലബാർ പൊലീസ് മ്യൂസിയം കോഴിക്കോട് പ്രവർത്തനം തുടങ്ങി



കോഴിക്കോട്: ബ്രിട്ടീഷുകാരുടെ കാലത്ത് സേനാംഗങ്ങൾ ഉപയോഗിച്ച വസ്തുക്കളടക്കം അണിനിരത്തി മലബാറിലെ ആദ്യ പൊലീസ് മ്യൂസിയം കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി. സിറ്റി പൊലീസ് മേധാവിയുടെ മാനാഞ്ചിറയിലെ ഓഫിസ് വളപ്പിൽ പഴയ വനിത സെൽ കെട്ടിടം നവീകരിച്ചാണ് മ്യൂസിയം ഒരുക്കിയത്. പൊലീസിൻെറ ഓരോ കാലഘട്ടത്തിലെയും വളർച്ച വ്യക്തമാക്കുന്ന സാധനങ്ങളും രേഖകളും ശേഖരത്തിലുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ പൊലീസിൻെറ മുദ്രയായിരുന്ന വിക്ടോറിയ രാജ്‌ഞിയുടെ ലോഹമുദ്രയും അക്കാലത്ത് പൊലീസ് യൂനിഫോമിൽ അണിഞ്ഞ റോയൽ ക്രൗൺ ബട്ടണുകളുടെ പല വർഷങ്ങളിലെ മാതൃകകളും കാണാം. ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന ജോൺ ആംബുലൻസ് സർവിസിൻെറ പ്രഥമ ശുശ്രൂഷ പെട്ടി ഇവിടത്തെ അപൂർവതയാണ്. അന്നുപയോഗിച്ച മരുന്ന്, അണുമുക്തമാക്കാനുള്ള സ്പിരിറ്റ് എന്നിവയും എല്ലുപൊട്ടിയാൽ വെച്ചുകെട്ടാനുള്ള വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള മരക്കഷണങ്ങളുമാണ് ഈ പെട്ടിയിലുള്ളത്. 

ആദ്യകാലത്ത് പൊലീസ് ഉപയോഗിച്ച പീരങ്കി മുതൽ വിവിധതരം തോക്കുകളും പ്രദർശനത്തിലുണ്ട്. കൺട്രോൾ റൂമിന് കീഴിലുള്ള മ്യൂസിയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സന്ദർശിക്കാം. മ്യൂസിയവും അപ്പർ സബോഡിനേറ്റ് ക്വാർട്ടേഴ്സും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ഡോ. ബീന ഫിലിപ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഐ.ജി അശോക് യാദവ്, കൗൺസിലർ പി.കെ. നാസർ എന്നിവർ സംസാരിച്ചു. സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് സ്വാഗതവും ഡെപ്യൂട്ടി കമീഷണർ സ്വപ്നിൽ മഹാജൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post