മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനം: സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ




മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.  റോഡു വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ അദ്ദേഹം കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.  

8.4 കി.മീറ്റര്‍ നീളത്തിലും 24 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിനായി 7.4078 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.  ഇതില്‍ 3.9457 ഹെക്ടര്‍ ഭൂമി പരസ്പരാലോചന പ്രകാരം ഏറ്റെടുത്തുകഴിഞ്ഞു.  ശേഷിക്കുന്ന 3.4621 ഹെക്ടര്‍ ഭൂമി നിര്‍ബന്ധിതമായി ഏറ്റെടുക്കും.    ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വിതരണം ചെയ്യുന്നതിന് (TheKozhikode) സംസ്ഥാന സര്‍ക്കാര്‍  അനുവദിച്ച  210 കോടി രൂപയില്‍ 163 കോടി രൂപ കക്ഷികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു.  ശേഷിക്കുന്നവയുടെ ആധാരം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ ഗവ.പ്ലീഡര്‍ക്ക് അയച്ചിരിക്കുകയാണ്.  ഒരു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷിക്കുന്ന തുകയും വിതരണം ചെയ്യുമെന്ന് എംഎല്‍എ അറിയിച്ചു.  

  നടക്കാവ് മേഖലയിലെ കച്ചവടക്കാരുടെ കൈവശമുള്ളതും വിവിധ കോടതി കേസുകളില്‍ ഉള്‍പ്പെട്ടതും വിദ്യാഭ്യാസ വകുപ്പിന്റേയും വാട്ടര്‍ അതോറിറ്റിയുടേയും പൊതുമരാമത്ത് വകുപ്പിന്റേയും കൈവശമുള്ളതുമായ സ്ഥലങ്ങളാണ് പ്രധാനമായും വിട്ടുകിട്ടാന്‍ ശേഷിക്കുന്നത്.  നടക്കാവ് പഴയ എല്‍.പി. സ്‌കൂള്‍ കെട്ടിടം, സിവില്‍ സ്റ്റേഷന്‍ വാട്ടര്‍ ടാങ്ക്, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് വാട്ടര്‍ ടാങ്ക്, മലാപ്പറമ്പിലെ വാട്ടര്‍ ടാങ്ക് എന്നിവ ഉടന്‍ പൊളിച്ചു നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.  ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ 155 കോടി രൂപ അനുവദിക്കുന്നതിന് അടുത്ത ദിവസം സംസ്ഥാന സര്‍ക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് എംഎല്‍എ അറിയിച്ചു.  

ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.റംല, കോഴിക്കോട് സിറ്റി റോഡ് വികസന പദ്ധതി ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.ഷറീന, കോഡിനേറ്റര്‍ കെ.പി.കോയമോന്‍, വാല്വേഷന്‍ അസിസ്റ്റന്റ് പി.കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Post a Comment

Previous Post Next Post