വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാന്‍ അനുമതി


തിരുവനന്തപുരം:ഇന്ന് മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരള സർവകലാശാല ബിരുദപരീക്ഷകൾ ഇന്നും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയുമാണ് ആരംഭിക്കുന്നത്. ബി.എസ്സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക. സർവകലാശാലാപരിധിയിലുള്ള കോളജുകളിൽ വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളജിൽ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതര സർവകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ തുടങ്ങാനാണ് നിർദേശം. അതേസമയം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലടക്കം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥികള്‍ക്ക് ഇന്നലെ എത്താന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്നം.

കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് മാറ്റിയ പരീക്ഷകളാണ് വൈകി തുടങ്ങുന്നത്. കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതിൽ ഒരു വിഭാഗം വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓഫ്ലൈൻ പരീക്ഷക്ക്‌ പകരം ഓൺലൈൻ പരീക്ഷ നടത്തണമെന്നും അല്ലാത്തപക്ഷം വാക്‌സിനേഷനുശേഷമേ നടത്താവൂവെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും ഇന്ന് തുടങ്ങും.

Post a Comment

Previous Post Next Post