തെരുവ് ജീവിതമില്ലാത്ത കോഴിക്കോട് യാഥാര്‍ത്ഥ്യമാകുന്നു



  • ഉദയം പ്രധാന കേന്ദ്രം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം ഇന്ന് (ജൂണ്‍ 22) വൈകീട്ട് 5.30ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.   ചേവായൂര്‍ ത്വക്ക് രോഗാശുപത്രി വളപ്പിലാണ്  കേന്ദ്രം സജ്ജമാക്കിയത്.  

മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിക്കും.  വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ലോഗോ പ്രകാശനവും പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് വെബ്‌സൈറ്റ് ഉദ്ഘാടനവും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രോഡക്ട് ലോഞ്ചും നിര്‍വ്വഹിക്കും.  തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഡൊണേറ്റ് ഓപ്ഷന്‍ പ്രകാശനം ചെയ്യും.  ജില്ലാ കലക്ടര്‍ സാംബശിവ റാവു പദ്ധതി വിശദീകരിക്കും.  എം.കെ.രാഘവന്‍ എംപി, മുന്‍ എംഎല്‍എ വികെസി മമ്മദ് കോയ, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസ് തുടങ്ങിയവര്‍ സംബന്ധിക്കും.

ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അന്തേവാസികള്‍ക്ക് ആവശ്യമായ മാനസിക പരിചരണം നല്‍കുന്നത്. ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും സുമനസ്സുകളുടെയും സഹകരണത്തിലാണ് അന്തേവാസികള്‍ക്ക് വസ്ത്രവും ഭക്ഷണവും വൈദ്യസഹായവും നിത്യചിലവുകളും ഒരുക്കുന്നത്.  ഇംഹാന്‍സിന്റെയും ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തിലുള്ള സൈക്കോ സോഷ്യല്‍ കെയര്‍ ടീം ആവശ്യമായ സാമൂഹ്യ മാനസിക വിലയിരുത്തലും ചികിത്സയും പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. അന്തേവാസികളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍, ഫാമുകള്‍, ചെരുപ്പ് കമ്പനി, നിര്‍മ്മാണ മേഖല തുടങ്ങിയ ഇടങ്ങളില്‍ പലരും ജോലി ചെയ്യുന്നുണ്ട്.

വി.കെ.സി മമ്മദ് കോയ നല്‍കിയ ഒരു കോടി രൂപയും ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് നല്‍കിയ 50 ലക്ഷം രൂപയുമടക്കം സുമനസ്സുകളുടെ സഹായത്താല്‍ രണ്ടു കോടിയോളം രൂപ ചിലവിലാണ് ഉദയത്തിന്റെ നാലാം ഭവനം പൂര്‍ത്തിയായത്.   ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്‌സിന്റെ ആഭിമുഖ്യത്തിലുള്ള സത്ക്രിയ എന്നിവയുടെ പിന്തുണയും ലഭിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്കാലിക ക്യാംപുകള്‍ ഒരുക്കി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു.ഇതുവരെ 1,400ലധികം ആളുകള്‍ക്ക് പൊതുജനപങ്കാളിത്തത്തോടെ പുനരധിവാസ സേവനങ്ങള്‍ ലഭ്യമാക്കി. നാനൂറോളം അന്തേവാസികളെ വെള്ളിമാടുകുന്ന്, മാങ്കാവ്, ഈസ്റ്റ്ഹില്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്.  ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പ്രധാന കേന്ദ്രത്തില്‍ പരമാവധി 150 പേരെ  പുനരധിവസിപ്പിക്കാന്‍ കഴിയും.

Post a Comment

Previous Post Next Post