തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം



കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു.  കോവിഡ് ടെസ്റ്റിംഗ്, വാക്‌സിനേഷന്‍ എന്നിവ ഫലപ്രദമായി കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ പുനര്‍ക്രമീകരണങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവിലാണ്  നിര്‍ദേശം.
 
ആവശ്യമായ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നോ എഫ്.എല്‍.ടി.സികളില്‍ നിന്നോ ജോലി ക്രമീകരണവ്യവസ്ഥയില്‍ നിയോഗിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും പ്രയോജനപ്പെടുത്താം. ഈ രീതി പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനം തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് പ്രയോജനപ്പെടുത്താം. അടിയന്തര സാഹചര്യത്തില്‍ തനത് ഫണ്ട് ഉപയോഗിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരക്കേറിയ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലെയും കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്വകാര്യ- പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാരെ മാസത്തിലൊരിക്കലെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണം. ഹാര്‍ബര്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ഡെലിവറി ജീവനക്കാര്‍ എന്നിവരെയും വാര്‍ഡ് ആര്‍.ആര്‍.ടികളും എല്‍.എസ്.ജി ആര്‍.ആര്‍.ടികളും നിര്‍ദ്ദേശിക്കുന്ന എല്ലവരെയും മാസത്തിലൊരിക്കല്‍ കോവിഡ് പരിശോധനക്ക് വിധേയരാക്കണം. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണം. നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
 
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും നിയോഗിക്കപ്പെട്ടിരിക്കുന്ന അദ്ധ്യാപകരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് ജൂണ്‍ 30ന് വിടുതല്‍ ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിക്ക് നിയോഗിക്കുന്ന രീതി അവസാനിപ്പിച്ച് മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാവണം. ആവശ്യമായ ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ അതത് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി.

Post a Comment

Previous Post Next Post