എസ്.എസ്.എൽ.സി. മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് തുടങ്ങും; ജില്ലയിൽ അഞ്ച് ക്യാമ്പുകൾ

 

കോഴിക്കോട്: എസ്.എസ്.എൽ.സി. പരീക്ഷാമൂല്യനിർണയക്യാമ്പിന് തിങ്കളാഴ്ച തുടക്കമാവും. ജില്ലയിൽ അഞ്ച് സ്കൂളുകളിലാണ് മൂല്യനിർണയം നടക്കുന്നത്. കോഴിക്കോട് വിദ്യാഭ്യാസജില്ലയിൽ മൂന്നും താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലകളിൽ ഓരോന്ന് വീതവുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലാകെ 44,542 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്.

കോവിഡ് സാഹചര്യം പരിഗണിച്ച് ഇക്കുറിയും ജില്ലാതലത്തിലാണ് മൂല്യനിർണയക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. അതിനുമുമ്പ് മേഖലാതല ക്യാമ്പുകളായിരുന്നു. ജില്ലയിലെ അധ്യാപകർ അതതു ജില്ലയിലെ ക്യാമ്പിൽത്തന്നെ പങ്കെടുക്കണമെന്നാണ് നിർദേശം.

നാദാപുരം, അഴിയൂർ ഭാഗങ്ങളിലെ അധ്യാപകർ താമരശ്ശേരിയിലും കോഴിക്കോട്ടുമുള്ള ക്യാമ്പുകളിലെത്തേണ്ട സ്ഥിതിയുണ്ട്. പൊതുഗതാഗതസൗകര്യമില്ലാതെ നൂറു കിലോമീറ്ററിലേറെ ദിവസേന എത്തുന്നതിലുള്ള പ്രയാസം അധ്യാപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂല്യനിർണയച്ചുമതലയുള്ള ചിലർ കോവിഡ് ബാധിതരായതിനാൽ ഒഴിവാക്കിത്തരണമെന്ന് അപേക്ഷ നൽകിയിട്ടുമുണ്ട്.

എല്ലാ വിഷയങ്ങൾക്കും ജില്ലയിൽ ക്യാമ്പുകളുണ്ടെങ്കിലും എല്ലാ ക്യാമ്പിലും എല്ലാ വിഷയങ്ങളുമില്ലെന്നതാണ് അധ്യാപകരെ പ്രയാസത്തിലാക്കുന്നത്. നേരത്തേ, മേഖലാമൂല്യനിർണയക്യാമ്പുകളായിരുന്നപ്പോൾ അഴിയൂർ, നാദാപുരം ഭാഗത്തുള്ളവർക്ക് തലശ്ശേരിയിലെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു.

രാവിലെ ഒമ്പതരമുതൽ വൈകീട്ട് നാലരവരെയാണ് ക്യാമ്പുകൾ. ഒരധ്യാപകൻ രണ്ട് സെറ്റ് ഉത്തരക്കടലാസുകളാണ് ഒരുദിവസം മൂല്യനിർണയം നടത്തുക. കോവിഡ് സാഹചര്യമായതിനാൽ കൂട്ടമായിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിലക്കുണ്ട്.

ജില്ലയിലെ ക്യാമ്പുകളും വിഷയങ്ങളും

ഗവ. ഗണപത് ബി.എച്ച്.എസ്., ചാലപ്പുറം -മലയാളം, ഭൗതികശാസ്ത്രം. ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ്, നടക്കാവ് -ഹിന്ദി, സാമൂഹ്യശാസ്ത്രം. ഗവ. അച്യുതൻ ജി.എച്ച്.എസ്.എസ്. -ഗണിതം, ജീവശാസ്ത്രം. ജി.വി.എച്ച്.എസ്.എസ്., താമരശ്ശേരി -മലയാളം പേപ്പർ രണ്ട്, രസതന്ത്രം. ജി.വി.എച്ച്.എസ്.എസ്., പയ്യോളി - ഉറുദു, അഡീഷണൽ ഇംഗ്ലീഷ്, അറബിക്‌, ഇംഗ്ലീഷ്, സ്പെഷ്യൽ ഇംഗ്ലീഷ്.

അധ്യാപകർക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി.

മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. സൗകര്യം ആവശ്യമുള്ള അധ്യാപകർ തൊട്ടടുത്ത കെ.എസ്.ആർ.ടി.സി. ഡിപ്പോയുമായി ബന്ധപ്പെടണം. കോഴിക്കോട് -04952723796, താമരശ്ശേരി -0495- 2222217, വടകര -0496- 2523377.

Post a Comment

Previous Post Next Post