തിരുവമ്പാടി പൊതുശ്മശാനം : ഉടൻ യാഥാർഥ്യമാക്കണമെന്ന് അസി. കളക്ടർ നിർദേശം നൽകി


തിരുവമ്പാടി: ഒറ്റപ്പൊയിലിലെ ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് അസി. കളക്ടറുടെ നിർദേശം. ശ്മശാനത്തിന്റെ നിർമാണപ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്ന സിൽക്ക്‌ കമ്പനിയുമായി ഫോണിൽ ബന്ധപ്പെട്ട് എത്രയുംപെട്ടെന്ന് ബാക്കിയുള്ള പണി പൂർത്തിയാക്കണമെന്ന് നിർദേശം നൽകി.

ശ്മശാനഭൂമിയിൽ മാലിന്യം കൂട്ടിയിട്ടതായി കണ്ടെത്തിയ ജില്ലാ പട്ടികജാതി വികസനഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാലിന്യം നീക്കംചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശംനൽകിയിട്ടുണ്ട്‌. ശ്മശാനത്തിന്റെ നിർമാണപ്രവൃത്തികൾ ത്വരപ്പെടുത്തൽ പൂർത്തിയാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുളളതായി അസി. കളക്ടറുടെ ഉത്തരവിൽ പറയുന്നു.

കോളനി ഐക്യവേദി സെക്രട്ടറിയും ഡോ. അംബേദ്കർ ഫെഡറേഷൻ ജില്ലാപ്രസിഡന്റുമായ ടി.കെ. ചൂലൻകുട്ടി ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിച്ച നിവേദനത്തിന്മേലാണ് നടപടി.

ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ്‌ ഒരു വർഷമാകാറായിട്ടും പ്രവർത്തനം തുടങ്ങാത്തത് വിവാദമായിരിക്കുകയാണ്. ഇതുസംബന്ധിച്ച് മാതൃഭൂമി തുടർവാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ്‌ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി ഉദ്ഘാടം നിർവഹിച്ചത്. നിലവിലെ ഭരണസമിതിയും അലംഭാവം തുടർന്നു. 

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനാവശ്യമായ സ്ഥലമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന പഞ്ചായത്താണിത്. മണിക്കൂറുകൾ താണ്ടി കോഴിക്കോട് മാവൂർറോഡ് ശ്മശാനത്തെ ആശ്രയിക്കേണ്ടിവരുന്നു. ശ്മശാനത്തോട് ചേർന്ന സൂപ്പർ എം.ആർ.എഫ്. പ്ലാന്റിലെ മാലിന്യം ശ്മശാനപരിസരത്ത് കുന്നുകൂടിയതും വിവാദമായിരുന്നു. ഇവ ക്ലീൻ കേരള പദ്ധതി പ്രകാരം കയറ്റി അയക്കാൻ തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post