ഞെളിയൻ പറമ്പിലെ ഷെഡ്ഡ് നന്നാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

ഞെളിയൻ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായപ്പോൾ




കോഴിക്കോട്: നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഞെളിയൻ പറമ്പിലെ ഷെഡ്ഡിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.

മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങൾ കൂടുതൽ അഴുകാനിടയാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നിരിക്കെ, അത് കർശനമായി തടയണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഞെളിയൻ പറമ്പിലെ മാലിന്യപ്രശ്‌നത്തിൽ ശാശ്വത പരിഹാരം അനിവാര്യമാണെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. ഈ വിഷയം നഗരസഭ ഗൗരവമായെടുക്കണം.

ഞെളിയൻ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിച്ച് പ്രദേശവാസികളുടെ പരാതികൾ വിലയിരുത്തിയ ശേഷമാണ് നഗരസഭ സെക്രട്ടറിയ്ക്കുള്ള കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവുണ്ടായത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ കൂടി ഉൾക്കൊള്ളിച്ച് നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ നിർദ്ദേശം.

കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങളത്രയും കൊണ്ടുവന്നു തള്ളുന്ന ഞെളിയൻ പറമ്പിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് പരിസരവാസികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി മുൻ നഗരസഭ കൗൺസിലർ എസ്. വി. സയ്യിദ് മുഹമ്മദ് ഷമീൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ പ്രദേശവാസികളെ കേസ്സിൽ പ്രതി ചേർക്കുകയായിരുന്നു. ഇപ്പോൾ അവരിൽ പലരും പ്രതികരിക്കാൻ പോലും മടിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

കോഴിക്കോട്ട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

Post a Comment

Previous Post Next Post