ബേപ്പൂര്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രം പദ്ധതിക്ക് അനുമതി



കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന മാതൃകാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. പദ്ധതിയുടെ അവതരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ പ്രാഥമിക യോഗവും തിരുവനന്തപുരത്ത് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

നാലുവര്‍ഷം കൊണ്ട് വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2024ല്‍ ബേപ്പൂരിനെ അന്താരാഷ്ട്ര  ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.  ബേപ്പൂര്‍ ടൂറിസം ഡെസ്റ്റിനേഷനെ ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര ടൂറിസം വികസന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
അറബിക്കടല്‍, ചാലിയാര്‍ പുഴ, പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂര്‍വ്വ കണ്ടല്‍ച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകള്‍ എന്നിങ്ങനെ വിവിധ ആകര്‍ഷണങ്ങളും കലാസാംസ്‌കാരിക തനിമയും ഭക്ഷണ വൈവിധ്യവും ഗ്രാമീണ ജീവിത രീതികളും ഉള്‍പ്പെടെ ഒരു വിനോദസഞ്ചാര സഞ്ചാര കേന്ദ്രത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സ്ഥലമാണ് ബേപ്പൂരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


സ്ഥലം എംഎല്‍എയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയര്‍മാനും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ കണ്‍വീനറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍  അംഗങ്ങളുമായിട്ടുള്ള കമ്മറ്റി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും.

ബേപ്പൂരില്‍ നടക്കുന്ന മറ്റ് ടൂറിസം വികസന പദ്ധതികളും ഈ പദ്ധതിയിലൂടെ  ഏകോപിപ്പിച്ച് നടപ്പിലാക്കും. നാലു വര്‍ഷം കൊണ്ട് 1000 പേര്‍ക്ക് പരിശീലനം നല്‍കുകയും കുറഞ്ഞത് 500 ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ പദ്ധതി പ്രദേശത്ത് നിലവില്‍ വരികയും ചെയ്യും. അടിസ്ഥാന സൗകര്യ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കും. പ്രദേശത്ത് വികസിപ്പിക്കേണ്ട ടൂറിസം പദ്ധതികളുടെയും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കരട് പട്ടിക തയ്യാറാക്കുക, സ്‌പെഷ്യല്‍ ടൂറിസം ഗ്രാമ സഭകള്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്കും ഇന്‍വെസ്റ്റര്‍മാര്‍ക്കുമുള്ള യോഗങ്ങള്‍, ടൂറിസം റിസോഴ്സ് മാപ്പിംഗ്, തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള വിവിധ പരിശീലനങ്ങള്‍, ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍ വീഡിയോ നിര്‍മാണം, ബ്ലോഗര്‍മാര്‍, വ്‌ളോഗര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായുള്ള ഫമിലറൈസേഷന്‍ ഫീല്‍ഡ് ട്രിപ്പുകള്‍ എന്നിവയെല്ലാം  പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. ടൂറിസം വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.വി.വേണു ആമുഖ പ്രഭാഷണം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പദ്ധതി അവതരിപ്പിച്ചു.  ജില്ലാ കളക്ടര്‍ നരസിംഹുഗാരി ടി.എല്‍.റെഡ്ഡി, ബേപ്പൂര്‍ മുന്‍ എംഎല്‍എ വി.കെ.സി.മുഹമ്മദ് കോയ, ബേപ്പൂര്‍ വികസന സമിതി ചെയര്‍മാന്‍ എം.ഗിരീഷ്, ഫറൂക്ക് മുന്‍സിപ്പല്‍ ചെയര്‍മാര്‍ എന്‍.സി.അബ്ദുള്‍ റസാഖ്, രാമനാട്ടുകര മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍ സുഹറാബി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അനുഷ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍,  പ്രദേശത്തു നിന്നുള്ള വിവിധ ജനപ്രതിനിധികള്‍,  ടൂറിസം ഉദ്യോഗസ്ഥര്‍, പദ്ധതി നടത്തിപ്പിനായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടീം തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post