കുറ്റ്യാടി ബൈപ്പാസ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു



കുറ്റ്യാടി ബൈപ്പാസ് നിർമ്മാണ പ്രദേശം പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ച പദ്ധതിയാണ് കുറ്റ്യാടി ബൈപ്പാസ്. 37.96 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണ സ്ഥാപനം കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ്. കുറ്റ്യാടി പാലത്തിന് സമീപം സംസ്ഥാനപാത 54ല്‍  നിന്നും ആരംഭിച്ച് സംസ്ഥാനപാത 38 ല്‍  കടേക്കച്ചാല്‍ ജംഗ്ഷനില്‍ അവസാനിക്കുന്നതാണ് പദ്ധതിയുടെ നിര്‍ദ്ദിഷ്ട അലൈന്‍മെന്റ്.


വിശദമായ പദ്ധതി പ്രകാരം ഇരുവശങ്ങളിലായി ഒരു മീറ്റര്‍ വീതിയില്‍ ഓവുചാല്‍, ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത, വാഹന ഗതാഗതത്തിനായി 7 മീറ്റര്‍ വീതിയില്‍ റോഡുമടക്കം ആകെ 12 മീറ്റര്‍ വീതിയില്‍ 1.463 കി.മീറ്റര്‍ നീളത്തില്‍ വിഭജിക്കാത്ത ഇരുവരിപ്പാതയാണ് കുറ്റ്യാടി ബൈപ്പാസിനായി തയ്യാറാക്കുക.

പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ജില്ലാ കലക്ടര്‍ കൊയിലാണ്ടി ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹിസില്‍ദാരെ ലാന്റ് അക്വിസിഷന്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന്റെ സര്‍വെ നടപടികള്‍ തുടരുകയാണ്. കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി, വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ,  കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി.നഫീസ, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് ടി.കെ.മോഹൻ ദാസ്, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post