കോഴിക്കോട് ലഹരി മരുന്ന് ഗുളികയുമായി ഒരാൾ അറസ്റ്റിൽ



കോഴിക്കോട്: ലഹരി മരുന്നു ഗുളികയുമായി യുവാവ് അറസ്റ്റിലായി. കരിക്കാംകുളം പള്ളി കുളങ്ങര താഴം  മുബഷീർ (34) ആണ് കാരാട്ട് താഴത്ത് നിന്നുള്ള വാടക വീട്ടിൽ വെച്ച് 310-ഓളം സ്പാസ്മോ പ്രോക്സി വോൺ പ്ലസ് (SPASMO PROXYVON PLUS) എന്ന ലഹരി മരുന്ന് ഗുളികകളുമായി പിടികൂടിയത്.

ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിൽ ബസാർ കാരാട്ടുതാഴത്തെ ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ എസ് ഐഷാൻ എസ്എസിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് ( സിറ്റി ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്.   

പറമ്പിൽ ബസാറിലെ വിവിധ പ്രദേശങ്ങളിൽ  ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.മയക്കുമരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി വളരെ നേരം വൈകിയ ശേഷവും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നും ജനങ്ങൾക്ക് ഇത് വളരെയധികം ശല്യമാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

മുബഷീറിന് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെയും ഇയാളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും വ്യക്തമായ വിവരം ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ആളുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ചേവായൂർ സർക്കിൾ ഇൻസ്പെകടർ ചന്ദ്രമോഹനൻ പറഞ്ഞു.

പോണ്ടിച്ചേരി, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ്  ഇത്തരം ലഹരി ഗുളികകൾ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളിൽ നിന്ന് ചെറിയ വിലയ്ക്ക് വലിയ അളവിൽ ഗുളികകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് അമിത വിലക്ക് ആവശ്യക്കാർക്ക് നൽകി വരികയുമാണ് പതിവ്.

24 ഗുളികകൾ അടങ്ങിയ ഒരു ഷീറ്റ്  1500 രൂപയ്ക്കാണ് വില്പന നടത്തുന്നത്ത്. ഇവർ പ്രധാനമായും യുവാക്കളെയും വിദ്യാർത്ഥികളെയുമാണ്  ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം ലഹരി ഗുളികകളുടെ  അമിതമായ ഉപയോഗം മരണത്തിന് വരെ കാരണമാകാറുണ്ട്. മണിക്കൂറുകളോളം ലഹരി കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഇവ സൂക്ഷിച്ചു വെക്കുവാനും വളരെ എളുപ്പമാണ്. ഇത് ഉപയോഗിച്ചവരിൽ മണമോ മറ്റ് കാര്യങ്ങളോ ഇല്ലാത്തതിനാൽ ആർക്കും കണ്ടുപിടിക്കാനും കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.ഇത് അഞ്ച് ഗ്രാമിലധികം കൈവശം സൂക്ഷിക്കുന്നത് തന്നെ ജാമ്യമില്ലാ കുറ്റമാണ്.

ഇയാൾക്ക് മുൻപും കോഴിക്കോട് സിറ്റിയിലെ ടൗൺ, കസബ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നാലോളം കേസുകളുണ്ടായിരുന്നു. മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങമായ എഎസ്ഐമാരായ  എം മുഹമ്മദ് ഷാഫി, എം സജി സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ അഖിലേഷ്, കെഎ ജോമോൻ, സിവിൽ പോലീസ് ഓഫീസർ എം. ജിനേഷ് എന്നിവരെ കൂടാതെ ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അഭിജിത്ത്, സായ് രാജ്, എസ്സിപിഒ സുമേഷ്,  ഹോം ഗാർഡ് അജിത്ത്കുമാർ, എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post