ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറക് തേടി മാമ്പുഴ



കോഴിക്കോട്: പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യങ്ങളും കൊണ്ട് അനുഗൃഹീതമാണ് മാമ്പുഴ. മലിനീകരണവും കൈയേറ്റവും അവഗണനയുമായി നാശത്തിലേക്ക് തള്ളപ്പെടുന്ന മാമ്പുഴയ്ക്ക് പുതുജീവനേകാൻ വൈവിധ്യങ്ങളെ ഉപയോഗപ്പെടുത്തിയാൽ കഴിയും. 

വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ളതെല്ലാം മാമ്പുഴ കേന്ദ്രമായുണ്ട്. മാമ്പുഴയുടെ വിനോദസഞ്ചാരസാധ്യതകൾ വർഷങ്ങളായി ചർച്ചചെയ്യപ്പെടുന്നതാണ്. ഒട്ടേറെമുന്നേറ്റങ്ങളും ശ്രമങ്ങളും നടന്നെങ്കിലും ടൂറിസംസാധ്യതകൾ തേടിയുള്ള യാത്രകളെല്ലാം പാതിവഴിയിൽ പോലുമെത്താതെ അവസാനിച്ച അവസ്ഥയിലാണ്.

മുമ്പേ നടന്ന പ്രവർത്തനങ്ങൾ

2015-ൽ മാമ്പുഴയുടെ തീരങ്ങളിലെ ഏക്കർകണക്കിന് കൈയേറ്റം സർവേയിലൂടെ കണ്ടെത്തിയിരുന്നു. തുടർന്നാണ് മാമ്പുഴ കേന്ദ്രീകരിച്ച് ടൂറിസംസാധ്യതകൾ തേടുന്നത്. 2016 ജനുവരിയിൽ ജില്ലാ ടൂറിസംവകുപ്പ് അന്നത്തെ അസിസ്റ്റൻറ് കളക്ടർ രോഹിത് മീണയുടെ നേതൃത്വത്തിൽ മാമ്പുഴയുടെ വിവിധഭാഗങ്ങൾ സന്ദർശിച്ചു. മാമ്പുഴ കേന്ദ്രീകരിച്ച് സമ്പൂർണ ടൂറിസംപദ്ധതികൾ ആവിഷ്കരിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ തുടർന്ന് നടപടികളൊന്നുമുണ്ടായില്ല.

പിന്നീട് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഒളവണ്ണ, കടലുണ്ടി ഗ്രാമപ്പഞ്ചായത്തുകളെ സംയോജിപ്പിച്ചുള്ള ഉത്തരവാദിത്ത്വ ടൂറിസം സാധ്യതകളാണ് പരിശോധിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതിയോടെ മൂന്നു പുഴകളെ (മാമ്പുഴ, ചാലിയാർ, കടലുണ്ടി ) കേന്ദ്രീകരിച്ച് ത്രിവേണി ജലായനം ജലയാത്ര ടൂറിസംപദ്ധതി തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ബ്രാൻഡഡ് ടൂറിസത്തിനും ഒളവണ്ണയിൽ തുടക്കമായി. മാലിന്യപ്പുഴയെന്ന അപഖ്യാതിമാറി മാമ്പുഴയെ പെരുമയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ഉത്തരവാദിത്ത്വ ടൂറിസംവകുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയത്.

സ്വകാര്യപങ്കാളിത്തത്തോടെ മാമ്പുഴയിൽ ഫാം ടൂറിസം തുടങ്ങിയതും ഈ കാലയളവിലാണ്. മത്സ്യക്കൃഷി, അക്വാപോണിക്സ് ഫാം, ബോട്ടുയാത്ര, തോണിയാത്ര, കിഡ്സ് പാർക്ക്, ഇന്ത്യയിലെ ആദ്യത്തെ അക്വാപോണിക്സ് റെസ്റ്റോറൻറ് എന്നിവയെല്ലാം ഫാം ടൂറിസത്തിലുണ്ടായിരുന്നു. എന്നാൽ രണ്ടു പ്രളയങ്ങൾ പദ്ധതികളെ തകിടംമറിച്ചു. പിന്നീട്‌ കോവിഡും തടസ്സമായി.

മാലിന്യം ശാപം

കൈയേറ്റവും മാലിന്യവുമായിരുന്നു മാമ്പുഴയുടെ എക്കാലത്തെയും ശാപം. കൈയേറ്റം സർവേയിലൂടെ കണ്ടെത്തിക്കഴിഞ്ഞു. പക്ഷേ മാലിന്യം തള്ളുന്നത് ഇന്നും മാമ്പുഴയുടെ ശാപമായി തുടരുന്നു.

സാധ്യതകളേറെ

മാമ്പുഴയുടെയും ചാലിയാറിന്റെയും തീരഭൂമികളിലെ ജൈവവൈവിധ്യങ്ങളുടെ കലവറ, ജൈവസമ്പത്തിന്റെ കോട്ടകളായ കാവുകൾ, വിശാലമായ ഒട്ടേറെ മലകൾ, മാമ്പുഴയോട് ചേർന്നുള്ള മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങി വിശാലമായ അവസരങ്ങൾ ഉപയോഗപ്പെടുത്തിയാൽ ഒളവണ്ണയുടെ മാമ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം എന്ന സ്വപ്നം പൂവണിയും.

ബൊട്ടാണിക്കൽ ഗാർഡനിലെ ജലജന്യ സസ്യ ആവാസവ്യവസ്ഥകളുടെ പുനഃസൃഷ്ടി, ജലപുഷ്പങ്ങൾക്കും ജീവികൾക്കുമുള്ള വിശാലമായ തടാകം, അപൂർവസസ്യ ശേഖരങ്ങൾ തുടങ്ങി 50 ഏക്കറോളംസ്ഥലത്ത് വലിയ കാഴ്ചകളും ടൂറിസംപദ്ധതികൾക്ക് കരുത്തേകും. ഈ സാധ്യതകളെല്ലാം പരമാവധി ഉപയോഗപ്പെടുത്തി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനായാൽ ടൂറിസംമേഖലയിൽ ഒളവണ്ണയ്ക്ക് വലിയ കുതിപ്പ് നടത്താനാകും. 

Post a Comment

Previous Post Next Post