കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനം : കരാര്‍ കമ്പനിയുടെ അനാസ്ഥ അനുവദിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്



സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി  വൈകിക്കുന്ന കരാര്‍  കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 കരാര്‍ കമ്പനിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. 
രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലില്‍ കരാർ ഉറപ്പിച്ച ഏഴു മേല്‍പാലങ്ങള്‍ ഉള്‍പ്പെടെയുള്ള ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത. രണ്ടു വർഷമായിരുന്നു കരാര്‍ കാലാവധി.  2020 ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കരാര്‍ കമ്പനിയുടെ അനാസ്ഥ  കാരണം നിര്‍മാണപ്രവൃത്തി നടന്നില്ല.  കെ.എം.സി കണ്‍സ്ട്രഷന്‍ കമ്പനിയാണ് കരാറുകാർ.


മഴക്കാലത്ത് ദേശീയപാതയിൽ കുഴികൾ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ കത്തെഴുതിയിട്ടും പ്രശ്നം പരിഹരിക്കാൻ കരാറുകാർ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ  കരാറുകാര്‍ക്കെതിരെ നിയമനടപടി  സ്വീകരിക്കും. ഒരുതരത്തിലും ഇത്തരം സമീപനം പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

  പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം ചേരും.കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനവും മാഹി ബൈപാസും വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ  കാണുന്നത്. റോഡ് പ്രവൃത്തിയുടെ വേഗത കൂട്ടാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ ഡല്‍ഹിയിലേക്ക്  ഒരുസംഘം അടുത്തു തന്നെ പോകുമെന്ന് മന്ത്രി പറഞ്ഞു.

അവലോകന യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.വി ശ്രേയാംസ് കുമാര്‍ എം.പി, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ പി.ടി.എ റഹീം, കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍, മേയര്‍ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, കരാര്‍ കമ്പനി പ്രതിനിധികള്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post