കൊവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം; കോഴിക്കോട് പ്രതികൾ പിടിയിൽ


കോഴിക്കോട്: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ്റെ വീട്ടിൽ കൊവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പി.പി.ഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം. പുതുപ്പാടി മണൽവയലിൽ താമസിക്കുന്ന ഡി.ഡി. സിറിയക്കിൻ്റെ വീട്ടിലാണ് പി.പി.ഇ. കിറ്റ് ധരിച്ച് സംഘം എത്തിയത്. ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി.

പിടികൂടിയ പ്രതികളിൽ ഒരാളായ കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സ്വദേശി കണ്ണാടിപറമ്പിൽ അനസ് രണ്ടു ദിവസം മുൻപ് സിറിയക്കിൻ്റെ വീട്ടിൽ എത്തിയിരുന്നു. ആരോഗ്യ വകുപ്പിൽ നിന്ന് കൊവിഡ് ടെസ്റ്റ് നടത്താനായി എത്തിയതാണെന്ന് പറഞ്ഞായിരുന്നു വന്നത്. ആ സമയം വീടും പരിസരവുമെല്ലാം വീക്ഷിച്ചു. പിന്നീട് കൈവശമുള്ള ബാഗ് നോക്കി പരിശോധനക്കായുള്ള സാമഗ്രി തീർന്നു പോയെന്നും അടുത്ത ദിവസം രാവിലെ എത്താമെന്നും പറഞ്ഞ് സ്ഥലം വിട്ടു.

ഇദ്ദേഹത്തിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിറിയക് വാർഡ് മെമ്പറെയും, ആർ.ആർ.ടി. വോളണ്ടിയറെയും വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം വ്യാജനാണെന്ന് മനസ്സിലായത്. അടുത്ത ദിവസം നാട്ടുകാർ ഇയാളെ പിടികൂടാൻ തയ്യാറായി നിന്നെങ്കിലും ഇയാൾ എത്തിയില്ല.

ഇന്നലെ(ശനി) വൈകുന്നേരം ആറു മണിയോടെ പ്രതി വീണ്ടും പി.പി.ഇ. കിറ്റ് ധരിച്ച് എത്തി. ഈ വിവരം സിറിയക് അകത്ത് പോയി നാട്ടുകാരെ ഫോൺ ചെയ്ത് അറിയിക്കുന്നത് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സ്ഥലത്ത് നിന്ന് അകലെ നിർത്തിയിട്ട ഓട്ടോ വിളിച്ചു വരുത്തി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഓട്ടോറിക്ഷയുടെ പിന്നാലെ പോയാണ് ആളുകൾ ഇയാളെ തടഞ്ഞു നിർത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ അനസിനേയും, ഓട്ടോ ഡ്രൈവർ തെയ്യപ്പാറ തേക്കും തോട്ടം അരുണിനേയും താമരശ്ശേരി പൊലീസിന് കൈമാറി.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ കത്തി, മുളക് പൊടി, കയർ തുടങ്ങിയവ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. തന്നെ വധിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടതെന്നും, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും, ഒറ്റക്ക് താമസിക്കുന്നവരെ നോട്ടമിടുന്ന സംഘമാണെന്നും, ഇവർക്ക് പിന്നിൽ വേറെയും ആളുകൾ ഉണ്ടാവാമെന്നും സിറിയക് പറഞ്ഞു. ഇവർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കറങ്ങുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Previous Post Next Post