കല്ലായിപ്പുഴയോരത്തെ കൈയേറ്റമൊഴിപ്പിക്കൽ: വീണ്ടും സർവേ



കോഴിക്കോട്:കല്ലായിപ്പുഴയോരത്തെ കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും സർവേതുടങ്ങി. 58 പേരുടെ കൈവശമുള്ള ഭൂമിയാണ് ഹൈക്കോടതി നിർദേശപ്രകാരം സർവേചെയ്യുന്നത്. ഇത് പൂർത്തിയാവുന്നതോടെ റവന്യൂവിഭാഗം സംസ്ഥാനസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. നേരത്തേ റവന്യൂഭൂമി അളന്നുതിട്ടപ്പെടുത്തി നൂറോളം ജണ്ടകൾ സ്ഥാപിച്ചിരുന്നു. അതിൽ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് ഭൂമി കൈവശംവെച്ചിരുന്നവർ കോടതിയെ സമീപിച്ചതോടെയാണ് അവരുടെ കൈയിലുള്ള രേഖകൾകൂടിവെച്ച് സർവേനടത്താൻ ഹൈക്കോടതി നിർദേശിച്ചത്. കോടതി അനുവദിച്ച ഒരുമാസത്തെ സമയം കഴിഞ്ഞതിനാൽ വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട അധികാരികൾ.

കല്ലായിപ്പുഴയോരത്തെ 23.5 ഏക്കർ ഭൂമിയാണ് നാലു വില്ലേജുകളിലായി നൂറിലധികംപേർ കൈയേറിയതെന്ന് റവന്യൂവകുപ്പ് പറയുന്നത്‌. ഇതിൽ 13 ഏക്കർ സ്ഥലത്ത് ചെറുതും വലുതുമായ 92 കെട്ടിടങ്ങൾ പണിതിട്ടുണ്ട്. ബാക്കിമാത്രമേ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുള്ളൂ. കെട്ടിടങ്ങളുടെ കാലപ്പഴക്കംകൂടി കണക്കാക്കാൻ കോടതി ആവശ്യപ്പെട്ടതിനാൽ കോർപ്പറേഷന്റെ സഹകരണത്തോടെ അതും പരിശോധിക്കുന്നുണ്ട്. കോടതിയെ സമീപിച്ചവരുടെ ഭൂമിമാത്രമാണ് അളക്കുന്നത്. മറ്റുള്ള 54 പേർക്ക് ഒഴിയാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. കോവിഡ് കാരണമാണ് എല്ലാനടപടികളും വൈകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

1830 മുതൽ പാട്ടത്തിനു നൽകിയ ഭൂമി പിന്നീട് പലരും പലപ്പോഴായി കൈയേറുകയായിരുന്നെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. ഭൂമിക്ക്‌ രേഖകളുണ്ടാക്കി സ്വന്തം പേരിലാക്കി നികുതിയടച്ചിരുന്നു. 2007-ലാണ് അത് തടഞ്ഞ് കൈയേറ്റം ഒഴിപ്പിക്കാൻ തുടങ്ങിയത്. ഒഴിപ്പിക്കൽ പൂർത്തിയായി മാസങ്ങൾക്കുള്ളിൽതന്നെ വീണ്ടും കൈയേറുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണാനാണ് ജണ്ടകൾ സ്ഥാപിച്ച് ഭൂമി അളന്നുതിരിച്ചത്. പക്ഷേ, അതിനെതിരേ ആളുകൾ കോടതിയെ സമീപിച്ചതോടെ തുടർനടപടികളെല്ലാം നിലച്ചു. സർവേ നടത്തി റിപ്പോർട്ട് നൽകിക്കഴിഞ്ഞാൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്നാണ് കോടതി നിർദേശിച്ചത്. കല്ലായിയിലെ മരവ്യവസായത്തെ സംരക്ഷിച്ചുകൊണ്ടുള്ള നടപടികളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.

Post a Comment

Previous Post Next Post