രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കും ; നിരീക്ഷണം ശക്തിപ്പെടുത്തും


കോഴിക്കോട്:ജില്ലയിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കാനും ഗാർഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം. ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

രോഗ ലക്ഷണമോ സമ്പർക്കമോ ഉള്ളവർ, കണ്ടെയ്ൻമെന്റ് സോണിലുള്ളവർ, മാർക്കറ്റുകളിൽ ജോലിചെയ്യുന്നവർ, അതിഥി തൊഴിലാളികൾ, ക്ലസ്റ്ററുകളിൽ ഉള്ളവർ തുടങ്ങിയവരെ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കും.  സമ്പര്‍ക്ക പരിശോധന (കോണ്‍ട്രാക്ട് ട്രെയ്‌സിംഗ്)  ഒരു രോഗിക്ക് പത്ത് പേർ എന്ന അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കും.

ക്വാറന്റൈനിൽ ഉള്ളവരുടെ പരിശോധന പോലീസും ആർ.ആർ.ടി.യും ശക്തമാക്കും. കോവിഡ് പോസിറ്റീവായ വ്യക്തികളിൽ വീടുകളിൽ ക്വാറൻ്റയിൻ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് മാറ്റണമെന്നും ജില്ലാ കലക്ടർ
ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി നിർദ്ദേശിച്ചു..

കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരങ്ങൾ  ജാഗ്രത പോർട്ടലിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ബാരിക്കേഡുകൾ വെച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ആളുകൾ പുറത്തിറങ്ങുന്നില്ലെന്നും  ഉറപ്പു വരുത്തും. വാർഡുകളിൽ  മൈക്ക് അനൗൺസ്മെന്റ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജനമൈത്രി പോലീസിനെയോ സന്നദ്ധ സേനാംഗങ്ങളെയോ വിന്യസിക്കും. മാസ്സ് ടെസ്റ്റിംഗ് നടത്തുകയും വീടുകൾതോറുമുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും  യോഗം ചേർന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തി രോഗവ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന്  കോവിഡ് സ്പെഷൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

ഓൺലൈനായി നടന്ന യോഗത്തിൽ മേയർ ബീന ഫിലിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post