കെ.എസ്.ആർ.ടി.സി ടെർമിനലിലെ വാണിജ്യസമുച്ചയം 26 ന് തുറക്കും



കോഴിക്കോട്: അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 26ന് ധാരണാപത്രം ഒപ്പുവെക്കുന്നതിനു പിറകെ മന്ത്രി ആന്റണി രാജു സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കും.

എൽ.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. 2015 ൽ ഉദ്ഘാടനം കഴിഞ്ഞ കോംപ്ലക്സിന്റെ നടത്തിപ്പിനായി ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ടു വന്നിരുന്നില്ല.

മാക് അസോസിയേറ്റ്സ് എന്ന സ്ഥാപനവുമായുള്ള ആദ്യ കരാർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് നാലു വർഷത്തിനു ശേഷം ടെൻഡർ വിളിച്ചപ്പോൾ ഉയർന്ന തുക കാണിച്ചത് ആലിഫ് ബിൽഡേഴ്സാണ്. ഈ കമ്പനിയ്ക്ക് 30 വർഷത്തേക്കാണ് സമുച്ചയത്തിന്റെ നടത്തിപ്പവകാശം.

സമുച്ചയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കാൻ നേരത്തെ മന്ത്രി പി.എ മുഹമ്മദ് റിയാസും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും മന്ത്രി ആന്റണി രാജുവിനെ സമീപിച്ചിരുന്നു. തുടർന്നാണ് വാണിജ്യസമുച്ചയം തുറക്കാനുള്ള നടപടിൾ വേഗത്തിലായത്.

നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43. 2 ലക്ഷം രൂപ വാടകയും ലഭിക്കുന്നത് വഴി കെട്ടിടം നിർമിച്ച കെ.ടി.ഡി.എഫ്.സിയ്ക്ക് 30 വർഷം കൊണ്ട് 257 കോടി വരുമാനം ലഭിക്കും. ബസ് ടെർമിനൽ കോംപ്ലക്സിൽ യാത്രക്കാർക്കുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.

മാവൂർ റോഡിൽ 3.22 ഏക്കർ സ്ഥലത്ത് പൂർത്തിയാക്കിയ ടെർമിനൽ കോംപ്ലക്സിന് നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ട്. 74. 63 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 11 ലിഫ്റ്റുകളും 2 എസ്‌കലേറ്ററുകളുമുള്ള കോംപ്ലക്സിൽ കടകൾ, ഓഫീസുകൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയവയ്ക്ക് സ്ഥലമുണ്ട്. സമുച്ചയത്തോടു ചേർന്ന് 40 ബസ്സുകൾക്കും 250 കാറുകൾക്കും 600 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യവുമുണ്ട്.

കമ്പനിയുടെ നിക്ഷേപം

17 കോടി

പ്രതിമാസ വാടക

43. 2 ലക്ഷം

Post a Comment

Previous Post Next Post