"ബേപ്പൂർ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റ്" ഡിസംബറിൽ



ബേപ്പൂർ:വിനോദ സഞ്ചാര വികസനത്തിൻ്റെ ഭാഗമായി  ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന "ബേപ്പൂർ ഇൻ്റർനാഷണൽ  വാട്ടർ ഫെസ്റ്റ് " ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനം.  സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാകും  രാജ്യാന്തര ശ്രദ്ധയാകർഷിക്കും വിധം അന്താരാഷ്ട്രാ ജലമേള സംഘടിപ്പിക്കുകയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഈ വർഷം ഡിസംബറിൽ തന്നെ ആരംഭിക്കുന്നതിനായുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കും.
 ഇതിൻ്റെ കരട് രേഖ പദ്ധതി പ്രഖ്യാപന യോഗത്തിൽ അവതരിപ്പിച്ചു.  ഈ മാസം 30 നകം മാസ്റ്റർ പ്ലാൻ തയാറാക്കി ഒക്ടോബർ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും നിലവിൽ വരും. രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിക്കപ്പെടുന്നതും ജല കായിക വിനോദ രംഗത്തെ സർവ്വ സാധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്തിയും പുതിയൊരു തുടക്കമാണ് ഈ അന്താരാഷ്ട്രാ വാട്ടർ ഫെസ്റ്റ് എന്നും മന്ത്രി പറഞ്ഞു.

ചാലിയാർ കേന്ദ്രീകരിച്ച് ബേപ്പൂർ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതൽ 10 കിലോമീറ്ററോളം ദൈർഘ്യത്തിലാണ്  ജലമേളയും അനുബന്ധ കായിക - വിനോദ പരിപാടികളും സംഘടിപ്പിക്കുക . വിവിധയിനം  വള്ളം കളി മത്സരങ്ങൾക്കു പുറമെ അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച കയാക്കിംങ് , കനോ യിംങ് , വാട്ടർ പോളോ , പാരാ സെയിലിംങ് , സ്പീഡ് ബോട്ട് റെയ്സ് ,വാട്ടർ സ്കിയിംങ് ,പവർ ബോട്ട് റെയ്സിംങ് , യാട്ട് റെയ്സിംങ്,  വുഡൻ ലോഗ്  റെയ്ഡിംങ് , ടിമ്പർ റാഫ്റ്റിംങ്  , പരമ്പരാഗത പായ വഞ്ചിയോട്ടം  തുടങ്ങിയ ദേശീയ-അന്തർ ദേശീയ മത്സര ഇനങ്ങളും ഒളിംബിക്സ് മത്സര ഇനങ്ങളും ഉൾപ്പെടുത്താൻ ആലോചനയുണ്ട്.ഇതോടൊപ്പം എല്ലാ വിഭാഗമാളുകൾക്കും ആസ്വാദ്യകരമായ ഫ്ലോട്ടിംങ് സംഗീത പരിപാടികൾ , ലൈറ്റ് ഷോകൾ ,മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും. 

പദ്ധതി പ്രഖ്യാപന യോഗത്തിൽ ജില്ലാ കലക്ടർ  ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി , സബ് കലക്ടർ  ചെൽസ സിനി, ഡിടിപിസി സെക്രട്ടറി ബീന  ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഹാർബർ എഞ്ചിനീയറിംങ്ങ് എക്സി.എഞ്ചിനീയർ ടി. ജയദീപ് കരട് രേഖ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post