കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തിന്‍റെ പ്രധാന കാരണം പൈലറ്റിന്‍റെ പിഴവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അപകടത്തിന്‍റെ പ്രധാന കാരണം ടേബിള്‍ ടോപ്പ് ഘടനയല്ല മറിച്ച് പൈലറ്റിന്‍റെ പിഴവാണെന്ന കണ്ടെത്തല്‍ കോഴിക്കോടിന് ആശ്വാസവും പ്രതീക്ഷയുമാണ്. അപകടം നടന്ന അന്നുരാത്രി മുതല്‍ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും തുടങ്ങണമെന്നാണ് ആവശ്യം. ചെറുവിമാനങ്ങളുടെ സര്‍വീസിലേക്ക് പരിമിതപ്പെട്ടത് കരിപ്പൂരിന് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിലവിലുളള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന.
റണ്‍വേ സെന്‍ട്രല്‍ ലൈന്‍ ലൈറ്റ് സ്ഥാപിക്കല്‍, റണ്‍വേ നീളം കൂട്ടല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഭൂമിയേറ്റെടുക്കല്‍ കീറാമുട്ടിയാണ്. ഏറ്റെടുത്ത ഭൂമി തന്നെ വെറുതെ കിടക്കുമ്പോള്‍ ഉളള സൗകര്യം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയവര്‍ പറയുന്നു. നേരത്തെ കരിപ്പൂരിലെ ഭൂമിയേറ്റെടുക്കലിനായി തുടങ്ങിയ റവന്യൂ സ്പെഷ്യല്‍ ഓഫീസ് നിര്‍ത്തലാക്കിയിരുന്നെങ്കിലും അടുത്ത കാലത്ത് വീണ്ടും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉടന്‍ യോഗം വിളിക്കുമെന്നാണ് സൂചന. കേരളത്തിലെ ഏറ്റവും ചെറിയ റണ്‍വേയുളള വിമാനത്താവളമാണ് കരിപ്പൂര്‍.