കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിപ സാന്നിധ്യം,ആന്റിബോഡി കണ്ടെത്തി,വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം
: കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

സെപ്റ്റംബർ 5ന് ആണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചിരുന്നു. കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫംല നെഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകൾക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാംപിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയത്.

രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടേയത് ഇത്തവണത്തെ ആദ്യ കേസ് തന്നെയാണെന്നാണ് നിഗമനം. ഇനി അറിയേണ്ടത് കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചത്.

പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

Post a Comment

Previous Post Next Post