നിപ; ഒരാഴ്ച നിർണായകം, ശ്വാസകോശ, മസ്തിഷ്കജ്വര ലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കണം



കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.നിപപ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മരിച്ച കുട്ടിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ആരും വിട്ടുപോകാത്ത തരത്തിലുള്ള സമ്പർക്കപ്പട്ടികയാണ് ശേഖരിക്കുന്നത്. നിപ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരെയും ഉപയോഗപ്പെടുത്തും. ആശങ്ക വേണ്ടാ, അതിജാഗ്രത കർശനമായും പാലിക്കണം.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മന്ത്രി വീണാ ജോർജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ചർച്ചനടത്തി. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കണം. അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങൾ അപ്പപ്പോൾത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം.

നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴുദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങൾ പ്രാധാന്യമുള്ളവയാണ്.

നിപയുമായി ബന്ധപ്പെട്ട ഒരു ലക്ഷണവും തള്ളിക്കളയരുത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒമ്പത് ഐ.സി.യു. ബെഡ്ഡുകൾ നിപപരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു.

ഒരു വാർഡ് ഉടൻ പ്രവർത്തനം തുടങ്ങും. ആവശ്യത്തിനു മരുന്നും അനുബന്ധവസ്തുക്കളും ജില്ലയിൽ സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ജില്ലയിലെ ഫാർമസികളിലേക്കാവശ്യമായ മരുന്ന് എത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോസേഫ്റ്റി ലെവൽലാബ് ഉടൻ പ്രവർത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം ഉടൻ മെഡിക്കൽ കോളേജിൽ എത്തും.

പി.പി.ഇ. കിറ്റ് ധരിക്കുന്നതിൽ ശുചീകരണത്തൊഴിലാളികൾ അടക്കമുള്ള എല്ലാ ജീവനക്കാർക്കും പരിശീലനം നൽകാൻ ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.

ഓൺലൈൻ യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, നിപ സ്പെഷ്യൽ ഓഫീസർ മുഹമ്മദ് വൈ. സഫീറുള്ള, ഡി.എം.ഒ. ഡോ. വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ എന്നിവർ പങ്കെടുത്തു.

കുട്ടിയുടെ മൃതദേഹം 

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോൾ പാലിച്ച് കണ്ണംപറമ്പിൽ കബറടക്കി. സ്വകാര്യ ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തർ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാർഥനചൊല്ലി അന്ത്യയാത്രയേകി. കുട്ടിയുടെ ബന്ധുക്കളും പ്രാർഥനയിൽ പങ്കെടുത്തു.

2018-ൽ നിപ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായ കോർപ്പറേഷൻ ആരോഗ്യവിഭാഗവും വൊളന്റിയർമാരും തന്നെയാണ് ഇത്തവണയും എല്ലാ കാര്യങ്ങളും ചെയ്തത്. വിവിധ ജില്ലകളിലേക്ക് സ്ഥലംമാറിപ്പോയ ടീം അംഗങ്ങളെയെല്ലാം തിരിച്ചുവിളിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായിരുന്ന ഡോ. ആർ.എസ്. ഗോപകുമാർ തിരുവനന്തപുരത്തേക്ക് സ്ഥലംമാറിയിരുന്നു. ഇദ്ദേഹം ഉൾപ്പെടെയുള്ളവർ തിരികെയെത്തി.

ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. വത്സൻ (ഫറോക്ക് നഗരസഭ), വി.കെ. പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ഷമീർ (താനൂർ നഗരസഭ), പി.എസ്. ഡെയ്‌സൺ, ബിജു ജയറാം, ആംബുലൻസ് ഡ്രൈവർ രഞ്ജിത്, വൊളന്റിയർ എൻ.വി. അബ്ദുറഹിമാൻ എന്നിവരുൾപ്പെട്ട ടീമാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. ഉച്ചയോടെയായിരുന്നു കബറടക്കം.

Post a Comment

Previous Post Next Post