11 പേര്‍ക്ക് നിപ ലക്ഷണം; കോഴിക്കോട് താലൂക്കില്‍ വാക്‌സിനേഷന്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി



കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ 8 പേരുടെ സാമ്പിളുകൾ എൻ.ഐ.വി. പൂനെയിലേക്ക് അയച്ചിട്ടുണ്ട്. 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ 54 പേരാണ്. ഇതിൽ 30 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളുള്ളവർ എല്ലാം സ്റ്റേബിളാണ്. ഇന്ന് രാത്രി മുതൽ മെഡിക്കൽ കോളേജിൽ സാമ്പിൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. എൻ.ഐ.വി. പൂണൈയിൽ നിന്നുള്ള സംഘം എത്തുകയും സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു. പോയിന്റ് ഓഫ് കെയർ ടെസ്റ്റും പിന്നീടുള്ള ആർടിപിസിആർ ടെസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാൻ കഴിയും എന്നാണ് അവർ അറിയിച്ചിരിക്കുന്നത്.

8 പേരുടെ സാമ്പിളുകളാണ് എൻ.ഐ.വി. പൂണൈയിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഇന്ന് രാത്രി വൈകി വരും. മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകൾ എൻ.ഐ.വി. പൂനെയിലേക്ക് അയക്കും. കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷൻ പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post