യാഥാർഥ്യമാവാതെ വൈറോളജി ലാബ്


കോഴിക്കോട്:മൂന്നുവർഷംമുമ്പ് പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ഭീഷണിയുയർത്തിയ സാഹചര്യത്തിൽ സ്രവപരിശോധന വേഗത്തിലാക്കാൻ മെഡിക്കൽ കോളേജിൽ സ്ഥാപിക്കാനൊരുങ്ങിയ വൈറോളജി ലാബ് പ്രാരംഭഘട്ടത്തിൽത്തന്നെ. കഴിഞ്ഞവർഷം നിർമാണപ്രവർത്തനത്തിനു തുടക്കമിട്ടെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് രണ്ടുതവണ പ്രവൃത്തി മുടങ്ങുകയായിരുന്നു.

കേന്ദ്ര പി.ഡബ്ള്യു.ഡി.യുടെ മേൽനോട്ടത്തിൽ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ടെന്ന് മൈാക്രോബയോളജി വിഭാഗം മേധാവി ഡോ. ജെ. ബീന ഫിലോമിന അറിയിച്ചു.

നിപഭീഷണി വീണ്ടും ഉയർന്നതോടെ ബയോസേഫ്ടി ലെവൽ 3 ലാബിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഐ.സി.എം.ആർ. അനുവദിച്ച അഞ്ചരക്കോടിയുടെ അടങ്കലിന് ഭരണാനുമതി 2019 ജൂണിൽ ലഭിച്ചിരുന്നു. മെഡിക്കൽ കോളേജിലെ അറോറ ഓഡിറ്റോറിയത്തിനു പിന്നിലായി മൈക്രോബയോളജി വകുപ്പിനു സമീപത്താണ് ലാബ് നിർമിക്കുന്നത്.

ഏറ്റവും ആധുനികവും സങ്കീർണവുമായ ബയോസേഫ്ടി ലെവൽ 3 ലാബ് വിഭാഗത്തിൽപ്പെട്ട റീജണൽ ലബോറട്ടറിയാണ് സ്ഥാപിക്കുന്നത്. പകർച്ചവ്യാധികളും ദുരന്തങ്ങളും നിയന്ത്രിക്കാൻ ദേശീയതലത്തിൽ ലാബിന്റെ വ്യാപ്തി വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എം.ആർ. വൈറൽ ഡയഗ്‌നോസ്റ്റിക് പശ്ചാത്തലസൗകര്യമുള്ള ലാബ് ഒരുക്കുന്നത്. വിദഗ്‌ധരായ റിസർച്ച് സയന്റിസ്റ്റുകളും ടെക്‌നീഷ്യന്മാരുമാണ് മാരകവൈറസുകളെ പരിശോധിക്കുക. പഴുതടച്ച സംവിധാനമാണ് ലാബിൽ ഒരുക്കുക.

ലാബ് പ്രവർത്തനമാരംഭിക്കുന്നതോടെ നിപ, കുരങ്ങുപനി, വെസ്റ്റ്‌നൈൽ, എച്ച് 1 എൻ 1, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധനകൾക്കായി മണിപ്പാൽ വൈറോളജി ലാബ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ, വൈറോളജി ലാബ് ആലപ്പുഴ എന്നിവയെ ആശ്രയിക്കേണ്ട ആവശ്യംവരില്ല.

നിലവിൽ കോവിഡ്, എച്ച്.ഐ.വി., ടി.ബി., വി.ആർ.ഡി. എൽ. തുടങ്ങിയ പരിശോധനകൾ ഇവിടെയുള്ള മൈക്രോബയോളജി ലാബിലും സിറോളജി ലാബിലും ലെവൽ മൂന്ന് ടി.ബി. ലാബിലുമായി നടക്കുന്നുണ്ട്.

ലാബ് നിർമാണം ത്വരപ്പെടുത്തണം

എൻസഫലൈറ്റിസ് (മസ്തിഷ്കജ്വരം) പോലുള്ള രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ആസ്ഥാനമായി വൈറോളജി ലാബ് വരേണ്ടത് അടിയന്തരാവശ്യമാണ്. ലാബിന്റെ നിർമാണം എത്രയുംപെട്ടെന്ന് പൂർത്തീകരിക്കണം.

എം.കെ. രാഘവൻ എം.പി.

Post a Comment

Previous Post Next Post