ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് മരണം ആറായി, 9പേരെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകൾ

 
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം തന്നെ ഉരുൾപൊട്ടലും ഉണ്ടായതോടെ കോട്ടയത്ത് വൻ ആശങ്കയാണ് നിലനിൽക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിലാണ് ഒമ്പത് പേരെ കാണാതായത്. കൂട്ടിക്കലിലെ പ്ലാപ്പള്ളിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായവരിൽ മൂന്നു പേർ മരിച്ചു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കാണാതായവരിൽ ആറ് പേർ ഒരു വീട്ടിൽ നിന്നുള്ളവരാണ്. കൂട്ടിക്കൽ സ്വദേശി മാർട്ടിന്റെ വീട്ടിലുള്ള ആറുപേരെയാണ് കാണാതായത്.


പ്രദേശത്ത് ഉണ്ടായിരുന്ന മൂന്ന് വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചു പോയതായാണ് വിവരം. പൂഞ്ഞാർ ബസ്റ്റോപ്പ് നിലവിൽ പൂർണ്ണമായും വെള്ളത്തിലാണ്. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള പാലമാണ്. പ്രദേശത്തെ വിവിധ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതിനാൽ ആളുകൾ രണ്ടാം നിലയിൽ കയറി നിൽക്കുകയാണെന്നാണ് വിവരം.

വ്യോമസേനയുടെ ഉൾപ്പെടെയുള്ള സഹായം കൂട്ടിക്കൽ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. പാങ്ങോട് നിന്ന് രക്ഷാപ്രവർത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ മന്ത്രി വിഎൻ വാസവൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.


കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേന എത്തുമെന്നാണ് മന്ത്രി വിഎൻ വാസവൻ അറിയിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനാണ് വ്യോമസേന എത്തുക. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കിയിലും മഴക്കെടുതി തുടരുകയാണ്. കാഞ്ഞാറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. കാറിലുണ്ടായിരുന്ന യുവാവും കൂടെ ജോലി ചെയ്യുന്ന യുവതിയുടേയും മൃതദേഹമാണ് കണ്ടെടുത്തത്. കൂത്താട്ടുകുളം സ്വദേശി നിഖിലും കൂടെ ഉണ്ടായിരുന്ന യുവതിയുമാണ് മരിച്ചത്.

ഇടുക്കി ജില്ലയിൽ ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യം ഇടുക്കി ഡാം ആണ്. നിലവിൽ ഇടുക്കിയിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചേക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.


കല്ലാർക്കുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 60 സെന്റീമീറ്റർ തുറന്നാണ് വെള്ളം പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. ജില്ലയിൽ പലയിടങ്ങളിലും മഴക്കെടുതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിമാലി രാജാക്കാട് റോഡിൽ വെള്ളത്തൂവലിന് സമീപം വീടിന്റെ മുറ്റം ഇടിഞ്ഞ് റോഡിൽ പതിച്ചിട്ടുണ്ട്. ഉപ്പുതുറ ചപ്പാത്ത് പാലം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണെന്നാണ് വിവരം.

തിരുവനന്തപുരം ജില്ലയിൽ തെക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിൽ ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 370 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. കരമനയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം കണ്ണമ്മൂലയിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശി നെഹർദീപ് കുമാറിനെയാണ് കാണാതായത്.

വെള്ളപ്പൊക്കം മണ്ണിടിച്ചിൽ സാധ്യതകളെ തുടർന്ന് ശബരിമലയിലേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. നാളെയും മറ്റന്നാളുമാണ് തീർത്ഥാടകർക്ക് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post