ബാലുശ്ശേരി ടൗൺനവീകരണം : പണി പിന്നെയും നിലച്ചു


ബാലുശ്ശേരി: പണിതുടങ്ങി മൂന്നുവർഷമായിട്ടും ബാലുശ്ശേരി ടൗൺനവീകരണം പാതിവഴിയിൽതന്നെ. ഓഗസ്റ്റ് 30-നകം പണി പൂർത്തിയാക്കണമെന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കർശനനിർദേശവും അവഗണിച്ച കരാറുകാരനെ മാറ്റണമെന്നാണ് കച്ചവടക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. മന്ത്രിയുടെ സന്ദർശനത്തിനുപിന്നാലെ പണി പുനരാരംഭിച്ചിരുന്നുവെങ്കിലും വീണ്ടും നിർത്തിവെച്ചിരിക്കുകയാണ്.

മൂന്നുകോടി ചെലവിൽ 1100 മീറ്ററിൽ ഓവുചാൽ, ഫൂട്ട്പാത്ത്, കൈവരി, ടൈൽ പാകൽ, ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കൽ, ഉപരിതലം ഉയർത്തൽ, ബി.എം.ബി.സി. പ്രവൃത്തി എന്നിവയാണ് ടൗൺനവീകരണ പദ്ധതിയിലുള്ളത്. എന്നാൽ, ഇത്രയുംവലിയ തുകയ്ക്കനുസരിച്ചുള്ള നവീകരണ പ്രവൃത്തികളല്ല നടക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. ഓവുചാലും ഫുട്പാത്തും പൂർണമായും പുതുക്കിപ്പണിതിട്ടില്ല. നിലവിലുള്ള ഫുട്പാത്തിൽ തന്നെയാണ് പലഭാഗങ്ങളിലും ടൈൽ പാകിയത്. അതുതന്നെ പാതിവഴിയായിട്ടേയുള്ളൂ.

കൈവരിയുടെ പണിയും തുടങ്ങിയിട്ടില്ല. വൈകുണ്ഡംഭാഗത്ത് പണി നിർത്തിവെച്ച അവസ്ഥയിലാണിപ്പോൾ. ഫുട്പാത്തിൽ മെറ്റൽ കൂട്ടിയിട്ടതിനാൽ കാൽനടയാത്ര ദുഷ്കരമായി. സ്കൂൾ തുറക്കുന്നതിനുമുൻപായെങ്കിലും പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2018 നവംബർ ഒമ്പതിനാണ് പണി തുടങ്ങിയത്. ഒമ്പതുമാസത്തിനകം പൂർത്തിയാക്കാനായിരുന്നു കരാറുകാരന് നിർദേശം നൽകിയത്. പണി നീളുന്നതിനെതിരേ പ്രതിഷേധങ്ങളുയർന്നതോടെയാണ് പൊതുമരാമത്ത് മന്ത്രി നേരിട്ടെത്തി അടിയന്തരമായി നിർമാണം പൂർത്തിയാക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടത്.

Post a Comment

Previous Post Next Post