കവർച്ച: തമിഴ് ‘കുറുവ’ സംഘത്തെ എലത്തൂരിൽ കൊണ്ടുവരും



എലത്തൂർ: ചെട്ടികുളത്ത് അർധരാത്രി വീട്ടമ്മയെ കത്തിമുനയിൽ നിർത്തി സ്വർണവും പണവും കവർന്നതുൾപ്പെടെയുള്ള കേസുകളിൽ പാലക്കാട് ആലത്തൂർ ഡിവൈ.എസ്‌.പി.യുടെ നേതൃത്വത്തിൽ അറസ്റ്റിലായ കുറുവാസംഘത്തിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. പോലീസ് പിടിയിലായ തലക്കുളത്തൂർ അന്നശ്ശേരി വേട്ടോട്ടു കുന്നുമ്മൽമീത്തൽ താമസക്കാരനായ പാണ്ഡ്യൻ (തങ്ക പാണ്ഡ്യൻ-47) ഉൾപ്പെടെയുള്ള മൂന്നുപേരെയും തെളിവെടുപ്പിനായി എലത്തൂരിൽ കൊണ്ടുവരും. ഇതിനായി കോടതിയെ സമീപിക്കും.

ചെട്ടികുളത്തെ വീട്ടമ്മയിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അസി. കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചിരുന്നു. തമിഴ് ‘കുറുവ’ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് പാലക്കാട് കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടയിലാണ് കള്ളൻമാർ മറ്റൊരു കേസിൽ വലയിലായത്. പൊതുജനങ്ങൾക്കിടയിൽ ഭീതിയുണ്ടാവുമെന്നതിനാൽ തീവ്രസ്വഭാവമുള്ള തമിഴ് കുറുവ കള്ളൻമാരുടെ കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സാന്നിധ്യം പോലീസ് രഹസ്യമാക്കി വെക്കുകയായിരുന്നു. അതേസമയം പോലീസിന്റെ നിഗമനം സംബന്ധിച്ച് മാതൃഭൂമി നേരത്തെ വാർത്ത നൽകിയിരുന്നു. മോഷ്ടാക്കളുടെ രേഖാചിത്രം എലത്തൂർ പോലീസ് തയ്യാറാക്കിയിരുന്നെങ്കിലും അന്വേഷണത്തിന് സഹായകരമായിരുന്നില്ല.

മൂന്നു മാസം മുമ്പാണ് വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന കവർച്ചാസംഘം ചെട്ടികുളം കൊളായിൽ ചന്ദ്രകാന്തത്തിൽ വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും പണവും കവർന്നത്. പുതിയങ്ങാടി പാലക്കടയിലെ കോഴിക്കൽ ശോഭിത്തിന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് സ്വർണവും അരലക്ഷം രൂപയും കവർന്നതും ഇവരാണെന്ന് പോലീസ് ഉറപ്പിക്കുന്നു. കവർച്ചയ്ക്ക് മുമ്പോ ശേഷമോ കള്ളൻമാർ എടക്കരയിലെ തങ്കപാണ്ഡ്യന്റെ താമസസ്ഥലത്ത് ഒത്തുകൂടിയിരുന്നോ എന്നും നഗരത്തിലെ മോഷണ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം പരിശോധിക്കും. പാലോറ മലയിൽ അർധരാത്രി കതകിന് മുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കവർച്ചയ്ക്ക് ശ്രമിച്ച സംഘത്തിലും ഇവരുണ്ടോയെന്ന് സംശയമുണ്ട്. തങ്കപാണ്ഡ്യനെകൂടാതെ തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്-50), തഞ്ചാവൂർ ബൂധല്ലൂർ അഖിലാണ്ഡേശ്വരിനഗർ പാണ്ഡ്യൻ (സെൽവി പാണ്ഡ്യൻ-40) എന്നിവരും അറസ്റ്റിലായിരുന്നു തെളിവെടുപ്പിനായി പ്രതികളെ വിട്ടുകിട്ടിയാൽ ഇവർക്ക് ബന്ധമുള്ള മറ്റ് കവർച്ചകളെക്കുറിച്ചുള്ള കൂടുതൽവിവരം ലഭ്യമാകുമെന്ന് അസി.കമ്മിഷണർ ബിജുരാജ്‌ പറഞ്ഞു.

Post a Comment

Previous Post Next Post